ഇടുക്കി: മഴയും കാറ്റും ശക്തമായതോടെ ജാഗ്രത നടപടികളുമായി ഇടുക്കി ജില്ല ഭരണകൂടം. കലക്‌ടറേറ്റിലും താലൂക്ക് ഓഫീസുകളിലുമായി ആറ് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. മുൻകരുതലിൻ്റെ ഭാഗമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ 22 അംഗ സംഘം ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. കൂടാതെ 25 പേരടങ്ങുന്ന എൻഡിആർഎഫ് സംഘം മൂന്നാറിലും ക്യാമ്പ് ചെയ്യും.
ശനിയാഴ്‌ച മുതൽ മഴ നിർത്താതെ പെയ്യുന്നതിനാൽ മുതിരപ്പുഴ, പന്നിയാർ, പെരിയാർ, പാമ്പാർ പുഴകളിൽ നീരൊഴുക്ക് ശക്തമാണ്. അണക്കെട്ടുകളിലെ ജലനിരപ്പും ക്രമാധീതമായി ഉയരുന്നുണ്ട്. കല്ലാർ കുട്ടി, കുണ്ടള അണക്കെട്ടുകൾ തുറന്നു. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 126 അടിയായി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 80 ശതമാനം പിന്നിട്ടു. മുതിരപ്പുഴയാറിൽ കുടുങ്ങിയ വയോധികനെ അതിസാഹസികമായാണ് ഫയർഫോഴ്‌സ് സംഘം രക്ഷപെടുത്തിയത്. മഴ ശക്തമായി തുടരുന്നതിനാൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീതിയിലാണ് മലയോരം പ്രദേശങ്ങൾ.