ഇടുക്കി: കനത്ത മഴയില്‍ ഇടുക്കിയില്‍ വ്യാപക നാശ നഷ്‌ടം. മരം കടപുഴകി വീണും മണ്ണിടിഞ്ഞും വ്യാപക നാശനഷ്‌ടമാണ് റിപ്പോർട്ട് ചെയ്യുന്നത് (heavy rain cause Widespread damage in Idukki). നെടുങ്കണ്ടത്ത് കാല്‍ വഴുതി തോട്ടിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. നെടുങ്കണ്ടം ആശാരികണ്ടം സ്വദേശി വെളിയില്‍ ആശ ആണ് മരിച്ചത്.
ഭര്‍ത്താവുമൊത്ത്, സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകുന്നതിനിടെ രാത്രിയോടെ ആയിരുന്നു അപകടം. നെടുങ്കണ്ടം ആശാരികണ്ടത്തെ സൃഹൃത്തിന്‍റെ വീട്ടിലേക്ക് പോവുകയായിരുന്നു ആശയും ഭര്‍ത്താവ് ഷെറിനും. പ്രദേശത്തെ തോടിന് മുകളിലുള്ള കലുങ്കില്‍ വാഹനം നിര്‍ത്തി, ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ആശ കാല്‍ വഴുതി തോട്ടിലേക്ക് വീഴുകയായിരുന്നു.
ഉടന്‍ തന്നെ നാട്ടുകാരും നെടുങ്കണ്ടം ഫയര്‍ ഫോഴ്‌സും തെരച്ചില്‍ ആരംഭിച്ചു. സംഭവം നടന്ന പ്രദേശത്ത് നിന്നും അൽപം ദൂരെ മാറിയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
ബോഡിമെട്ട് ചുരം പാതയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു
കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ ബോഡിമെട്ട് ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തമിഴ്‌നാട് മുന്തലിനും പുലിയൂത്തിനും ഇടയിലായുള്ള ഭാഗത്താണ് മണ്ണിടിഞ്ഞത്. മൂന്ന് പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായതോടെ, അന്തര്‍ സംസ്ഥാന പാതയിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ഇന്നലെ വൈകിട്ട് 4 മണി മുതൽ തുടങ്ങിയ മഴ ഇപ്പോഴും മേഖലയിൽ തുടരുകയാണ്. ഇന്നലെ അർധ രാത്രിയോട് കൂടിയാണ് കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടത്. ബോഡിമെട്ട് മലയോര റോഡിൽ കൊണ്ടൈസൂചി വളവിലാണ് ആദ്യം മണ്ണിടിച്ചിൽ ഉണ്ടായത്.
മണ്ണിനൊപ്പം മരങ്ങളും പാറക്കഷണങ്ങളും വീണതോടെ രാത്രി പത്തുമണി മുതൽ തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. അർധരാത്രിയും പുലർച്ചെയും വീണ്ടും മൂന്തലിന് സമീപം മണ്ണിടിയുകയായിരുന്നു. ഇതോടുകൂടി ചെക്ക് പോസ്റ്റുകളിൽ ഗതാഗതം തടഞ്ഞു.
നേരം വെളുത്തതിന് ശേഷമാണ് മണ്ണ് മാറ്റുന്ന നടപടികൾ ആരംഭിച്ചത്. ഈ വർഷം ഇത് പതിമൂന്നാം തവണയാണ് മേഖലയിൽ മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പെടുന്നത്. രാത്രികാലങ്ങളിൽ കൊച്ചി - ധനുഷ്കോടി ദേശീയപാതയിലൂടെ ഉള്ള യാത്ര അതീവ ജാഗ്രതയോടെ വേണം എന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
മരം കടപുഴകി വീണ് വീട് തകര്‍ന്നു: നെടുങ്കണ്ടത്തും വണ്ടിപെരിയാറിലും മരം കടപുഴകി വീണ് വീട് തകര്‍ന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ വണ്ടിപ്പെരിയാര്‍ വാളാഡിയില്‍ മരം കടപുഴകി വീണ് അരശന്‍കുഴിയില്‍ ശങ്കരന്‍റെ വീടാണ് ഭാഗികമായി തകര്‍ന്നത്. വീടിന് സമീപത്തിയി നിര്‍ത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളും ഒരു കാറും തകര്‍ന്നു. വീട്ടുകാര്‍ ബന്ധു വീട്ടിലേക്ക് താമസം മാറിയിട്ടുണ്ട്.
റോഡിന്‍റെ മറുവശത്ത് നിന്ന മരമാണ് കടപുഴകിയത്. ഇതോടെ വാളാഡി - ചെങ്കര റോഡിലും ഗതാഗതം തടസപ്പെട്ടു. പിന്നാലെ മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.
നെടുങ്കണ്ടം വെസ്റ്റ് പാറയിലും മരം കടപുഴകി വീണ് വീട് തകർന്നു. ബ്ലോക്ക് നമ്പര്‍ 571ല്‍ സുമതിയുടെ വീടാണ് ഭാഗികമായി തകര്‍ന്നത്. വീടിന് സമീപത്ത് നിന്ന തെങ്ങ് കടപുഴകുകയായിരുന്നു. വീടിനുള്ളില്‍ ഉണ്ടായിരുന്ന സുമതി ഓടി രക്ഷപെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി.
ALSO READ: മുല്ലപെരിയാർ അണകെട്ട് നാളെ തുറക്കും: ജാഗ്രതാ നിർദേശവുമായി ജില്ലാ ഭരണകൂടം