ഇടുക്കി: ജില്ലയിൽ മഴ ശക്‌തമായി തുടരുന്ന സാഹചര്യത്തിൽ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. ഇതേതുടർന്ന് പരമാവധി സംഭരണ ശേഷിയിലേയ്ക്ക് എത്തിയ പൊന്മുടി അണക്കെട്ടിന്‍റെ ഒരു ഷട്ടര്‍ തുറന്നു. മൂന്നാമത്തെ ഷട്ടര്‍ പതിനഞ്ച് സെന്‍റീമീറ്റര്‍ ഉയര്‍ത്തി പതിനോരായിരം ലിറ്റര്‍ വെള്ളമാണ് സെക്കന്‍റില്‍ പുറത്തേയ്ക്ക് ഒഴുക്കുന്നത്.
കഴിഞ്ഞ മൂന്ന് ദിവസമായി ശക്തമായ മഴയാണ് ഇടുക്കി ജില്ലയുടെ മലയോരമേഖലയിൽ പെയ്യുന്നത്. രാത്രികാലങ്ങളിലാണ് മഴ ശക്‌തമായി പെയ്യുന്നത്. തുടർച്ചയായ മഴ പുഴകളിലെയും തോടുകളിലെയും നീരൊഴുക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ അണക്കെട്ടുകളിലേയ്ക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്‍റെ അളവില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാകുകയും ജലനിരപ്പ് കുത്തനെ ഉയരുകയായിരുന്നു.
ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേയ്ക്ക് ഉയര്‍ന്നതോടെ പൊന്മുടി അണക്കെട്ടിന്‍റെ ഒരു ഷട്ടര്‍ ഉയര്‍ത്തി. 707.75 മീറ്ററാണ് അണക്കെട്ടിന്‍റെ പരമാവധി സംഭരണ ശേഷി. 706.5 മീറ്ററിലേയ്ക്ക് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഷട്ടര്‍ ഉയര്‍ത്തി വെള്ളം പുറത്തേയ്ക്ക് ഒഴുക്കിയത്. മഴ ശക്തമായി തുടര്‍ന്നാല്‍ ജില്ലയിലെ ചെറിയ അണക്കെട്ടുകളും തുറന്ന് വിടേണ്ട സാഹചര്യമുണ്ടാകും. മഴ ശക്തമാകുന്നതോടെ മണ്ണിടിച്ചില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി മലയോരത്തെ ആശങ്കയിലാഴ്ത്തുന്നു. മഴയ്ക്കൊപ്പം രാത്രികാലത്തെ ശക്തമായ കാറ്റും വലിയ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നത്.