ഇടുക്കി: അരിക്കൊമ്പൻ ദൗത്യത്തിനെതിരെ ഹൈക്കോടതിയെ സമീപച്ചത് വനം വകുപ്പിന്‍റെ അറിവോടെയുള്ള സംഘടന എന്ന് സംശയിക്കുന്നതായി നാട്ടുകാർ. ദൗത്യം നടപ്പിലാക്കിയില്ലെങ്കിൽ ജനവാസ മേഖലയില്‍ ഇറങ്ങുന്ന വന്യ മൃഗങ്ങളെ സ്വയം നേരിടുമെന്നും ചിന്നക്കനാൽ നിവാസികൾ പറഞ്ഞു. ജനവാസ മേഖലയില്‍ ആക്രമണം നടത്തുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം താത്കാലികമായി നിർത്തി വച്ചതിൽ പ്രതിഷേധം രൂക്ഷമാകുകയാണ്.
സംസ്ഥാനത്ത്, ഏറ്റവും അധികം കാട്ടാന ആക്രമണം നേരിടുന്ന പ്രദേശങ്ങളാണ് ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകൾ. രണ്ട് പതിറ്റാണ്ടിനിടെ 43 ജീവനാണ് ഇവിടെ ആനക്കലിയിൽ പൊലിഞ്ഞത്. തുടർച്ചയായ ജനകീയ സമരങ്ങളെ തുടർന്നാണ് കൂട്ടത്തില്‍ ഏറ്റവും അപകടകാരിയായ അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം വനം വകുപ്പ് ആരംഭിച്ചത്.
ദൗത്യത്തിനായി സകല സന്നാഹങ്ങളും വനം വകുപ്പ് ഒരുക്കി. അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റി കൊണ്ടുപോകാനുള്ള നീക്കമാണ് വനം വകുപ്പ് പദ്ധതിയിട്ടത്. അതിനായി വയനാട്ടില്‍ നിന്നും വിക്രം, സൂര്യന്‍ എന്നീ കുങ്കിയാനകളെയും എത്തിച്ചിരുന്നു. മാര്‍ച്ച് 25 ന് മയക്കുവെടി വയ്‌ക്കാനുള്ള തയാറെടുപ്പിലായിരുന്നു വനപാലകര്‍. 25 ലെ ദൗത്യം പരാചയപ്പെട്ടാല്‍ 26 ന് മറ്റൊരു ശ്രമം കൂടി നടത്താനും തീരുമാനിച്ചിരുന്നു.
എന്നാൽ ദൗത്യം പൂർത്തീകരിയ്ക്കുന്നതിന് ഏതാനും ദിവസങ്ങൾ ബാക്കി നില്‍ക്കെ അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള നടപടികള്‍ ഹൈക്കോടതി ഇന്നലെ സ്റ്റേ ചെയ്‌തു. അരിക്കൊമ്പനെ പിടികൂടുന്നതില്‍ വനം വകുപ്പ് തെറ്റായ നടപടികള്‍ സ്വീകരിക്കുന്നു എന്ന് ആരോപിച്ച് മൃഗ സംരക്ഷണ സംഘടനയുടെ പേരില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. അരിക്കൊമ്പനെ മനുഷ്യവാസം ഇല്ലാത്ത മേഖലയില്‍ തുറന്ന് വിടണമെന്ന പ്രധാന ആവശ്യവും ഹര്‍ജിയില്‍ ഉണ്ടായിരുന്നു.
സ്റ്റേ ഓര്‍ഡറിന് പിന്നാലെ പ്രതിഷേധം: താത്കാലിക വിധിയിലൂടെ അരിക്കൊമ്പനെ പിടികൂടാനുള്ള നടപടിയ്ക്ക് സ്റ്റേ നേടിയെടുത്തത് വൻ പ്രതിഷേധത്തിന് ഇടയാക്കുകയിരിക്കുകയാണ്. ആനയെ പിടികൂടുന്നതിനുള്ള ദൗത്യം ഉപേക്ഷിച്ചാൽ ശക്തമായ നടപടികൾ സ്വീകരിയ്ക്കാനാണ് ചിന്നക്കനാൽ, ശാന്തൻപാറ നിവാസികളുടെ തീരുമാനം. വനം വകുപ്പിന്‍റെ അജണ്ട ആണോ ഇതിന് പിന്നിലെന്നും നാട്ടുകാർ സംശയം ഉന്നയിക്കുന്നു.
ജനവാസ മേഖലയില്‍ ഭീതി വിതച്ച് ആക്രമണം നടത്തിയിരുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള നീക്കം ആരംഭിച്ചതു മുതല്‍ അല്‍പം ആശ്വാസത്തിലായിരുന്നു ഇവിടുത്തെ ജനങ്ങള്‍. എന്നാല്‍ ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് ഇവരുടെ പ്രതീക്ഷകള്‍ക്ക് മേല്‍ പ്രഹരമേല്‍പ്പിച്ചിരിക്കുകയാണ്. റേഷന്‍ കട അടക്കം ആക്രമിച്ച് അരി മോഷ്‌ടിക്കുന്ന അരിക്കൊമ്പന്‍റെ പ്രവൃത്തികളില്‍ ബുദ്ധിമുട്ടുകയാണ് ജനങ്ങള്‍.
മേഖലയില്‍ മറ്റ് ചില കാട്ടാനകളും സ്വൈര്യ വിഹാരം നടത്തുന്നുണ്ടെങ്കിലും കൂട്ടത്തില്‍ ഏറ്റവും അപകടകാരി അരിക്കൊമ്പനാണ്. പിടികൂടാനുള്ള പദ്ധതികല്‍ ഒരു ഭാഗത്ത് ഒരുങ്ങുന്നു, മറുഭാഗത്ത് പദ്ധതിയ്‌ക്ക് ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവും തുടര്‍ന്നുള്ള പ്രതിഷേധങ്ങളും നടക്കുന്നു. ഇതിനിടയിലും തകൃതിയായി വിലസുകയാണ് അരിക്കൊമ്പന്‍. വീടുകള്‍ക്ക് നേരെയുള്ള ആക്രമണവും തുടരുകയാണ്.
അതേസമയം വിഷയത്തില്‍ പ്രതികരണവുമായി ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് രംഗത്തു വന്നു. അരിക്കൊമ്പൻ ദൗത്യത്തിൽ ഹൈക്കോടതിയെ തെറ്റിധരിപ്പിച്ച് വിധി സമ്പാദിച്ചത് മനുഷ്യ രഹിതമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. ഹൈക്കോടതി ഹർജി പരിഗണിയ്ക്കുക പോലും ചെയ്യരുതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി നേരിടുന്ന ജനങ്ങള്‍ക്കൊപ്പം നിന്ന് പോരാടുമെന്നും ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി.