ഇടുക്കി: ജൈവ പച്ചക്കറി കൃഷി വിജയകരമാക്കുന്നതില്‍ ശ്രദ്ധിക്കപ്പെടുകയാണ് ഇരുമ്പുപാലം ചില്ലിത്തോട് സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍. പഠനത്തോടൊപ്പം കാര്‍ഷിക സംസ്‌കാരത്തിന്‍റെ മാതൃക കൂടി പകര്‍ന്ന് നല്‍കുകയാണ് ലക്ഷ്യം.
തരിശായി കിടന്നിരുന്ന സ്‌കൂള്‍ മുറ്റമിന്ന് പലതരം പച്ചക്കറികളുടെ വിളനിലമാണ്. അധ്യയനത്തോടൊപ്പം കാര്‍ഷിക സംസ്‌കൃതിയുടെ നല്ല പാഠങ്ങള്‍ വിദ്യാര്‍ഥികള്‍ അറിഞ്ഞിരിക്കണമെന്ന നിര്‍ബന്ധത്തില്‍ നിന്നുമാണ് സ്‌കൂള്‍ അധികൃതരും പിടിഎയും ചേര്‍ന്ന് വലിയൊരു പച്ചക്കറിത്തോട്ടം സ്‌കൂള്‍ മുറ്റത്തൊരുക്കിയത്.
വ്യത്യസ്തങ്ങളായ പച്ചക്കറികള്‍ 350ഓളം ഗ്രോബാഗുകളിലാണ് കൃഷി ചെയ്തിരിക്കുന്നത്. കളപറിക്കലും നനക്കലും വിളവെടുപ്പുമെല്ലാം വിദ്യാര്‍ഥികളും അധ്യാപകരും പിടിഎയും ഒരുമിച്ച് തന്നെ. അടിമാലി കൃഷിഭവനില്‍ നിന്നുള്ള മാര്‍ഗ്ഗനിര്‍ദശവും ഇവര്‍ക്ക് സഹായകമാകുന്നുണ്ട്.
നഷ്ടം സംഭവിക്കുന്ന കാര്‍ഷിക സംസ്‌ക്കാരത്തെ അടുപ്പിച്ച് നിര്‍ത്തുന്നതിനൊപ്പം കൂട്ടായ്മയുടെ മാതൃകയാണ് ഈ പച്ചക്കറി തോട്ടം.