ഇടുക്കി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ അടിമാലി, മൂന്നാര്‍ മേഖലകളില്‍ ഭാഗികം. കെഎസ്ആര്‍ടിസി ഷട്ടില്‍ സര്‍വീസുകള്‍ നടത്തിയപ്പോള്‍ ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ല. മൂന്നാറില്‍ കടകമ്പോളങ്ങള്‍ പതിവു പോലെ തുറന്ന് പ്രവര്‍ത്തിച്ചെങ്കിലും അടിമാലി ടൗണിലെ പകുതിയിലധികം വ്യാപാരശാലകളും അടഞ്ഞ് കിടന്നു. വിദ്യാലയങ്ങള്‍ സാധാരണ ഗതിയില്‍ പ്രവര്‍ത്തിച്ചു. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്താത്തത് വിദ്യാര്‍ത്ഥികളെ വലച്ചു.
മൂന്നാറിന്റെ തോട്ടം മേഖലയേയും വിനോദ സഞ്ചാരമേഖലയേയും ഹര്‍ത്താല്‍ കാര്യമായി ബാധിച്ചില്ല. അടിമാലിയില്‍ ഹര്‍ത്താല്‍ അനുകൂലികളായ ചിലരെ പോലീസ് തിങ്കളാഴ്‌ച തന്നെ കരുതല്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. അക്രമ സംഭവങ്ങള്‍ ഒഴിവാക്കാന്‍ പൊലീസ് കനത്ത ജാഗ്രത പുലര്‍ത്തി.