ഇടുക്കി: ഹരിത ഫിനാൻസിലൂടെ തട്ടിപ്പിനിരയായവർ നിയമനടപടിക്കൊരുങ്ങുന്നു. നെടുങ്കണ്ടം രാജ്‌കുമാറിന്‍റെ കസ്‌റ്റഡി മരണം നടന്ന് രണ്ട് വർഷം പിന്നിട്ടു. കസ്‌റ്റഡി മർദനത്തിൽ കൊല്ലപ്പെട്ട രാജ് കുമാർ എം.ഡിയായിരുന്ന ഹരിത ഫിനാൻസ് എന്ന സ്വകാര്യ സ്ഥാപനം സ്വാശ്രയ സംഘങ്ങൾക്കും വ്യക്തികൾക്കും ലക്ഷങ്ങൾ വായ്‌പ നൽകാമെന്ന് പറഞ്ഞാണ് തൂക്കുപാലം കേന്ദ്രമാക്കി തട്ടിപ്പ് നടത്തിയത്.
2019 ജനുവരി മുതലാണ് സ്ഥാപനത്തിലെ ജീവനക്കാർ തൂക്കുപാലം പ്രദേശത്ത് നിന്ന് തട്ടിപ്പ് ആരംഭിച്ചത്. സ്ഥാപന ഉടമ രാജ് കുമാർ ആയിരുന്നെങ്കിലും മഞ്ജു, ശാലിനി എന്നീ സ്‌ത്രീകളെ മുൻ നിർത്തിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.മാസങ്ങൾ പിന്നിട്ടിട്ടും വായ്‌പ തുക തിരിച്ചു നൽകാതായതോടെയാണ് നാട്ടുകാർ ഇവർക്കെതിരെ പരാതിയുമായി എത്തുന്നത്. ജൂൺ 12ന് രാജ് കുമാർ, ശാലിനി, മഞ്ജു എന്നിവരെ പൊലീസിൽ ഏൽപ്പിക്കുകയും ചെയ്‌തു.
തട്ടിപ്പുമായി ബന്ധപ്പെട്ട് 2019 ജൂൺ 14 നാണ് ഹരിതാ ഫിനാൻസിനു പൂട്ട് വീഴുന്നത്. നെടുങ്കണ്ടം, തൂക്കുപാലം, ഉടുമ്പൻചോല, രാജാക്കാട്, രാജകുമാരി, മേഖലകളിൽ നിന്നായി നിരവധി പേർക്കാണ് പണം നഷ്‌ടമായത്. സർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
എട്ടു പേരടങ്ങുന്ന സംഘങ്ങൾ രൂപീകരിച്ച് 2000 മുതൽ 25,000 രൂപ വരെയുള്ള തുക നിക്ഷേപിച്ചാൽ ഒരു ലക്ഷം മുതൽ പത്ത് ലക്ഷം വരെ ഒരാഴ്‌ചക്കുള്ളിൽ ലോണായി നൽകുമെന്നായിരുന്നു വാഗ്‌ദാനം. നാട്ടുകാരിൽ നിന്നും പിരിച്ചെടുത്ത പണം എവിടെപ്പോയെന്നത് ഇപ്പോഴും അജ്ഞാതമാണ്.
Also Read:മൂന്നാര്‍ ചൊക്കനാട് സൗത്ത് ഡിവിഷനില്‍ കാട്ടാന കൂട്ടം വീടും കൃഷിയും നശിപ്പിച്ചു