ഇടുക്കി: അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസ സൗകര്യവും ഒരുക്കുന്നതിന് തൊഴിലുടമകള്‍ നടപടി സ്വീകരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കുമ്പോഴും ഭക്ഷണം കിട്ടാത്തതിനെ തുടര്‍ന്ന് കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചാരിച്ച് തമിഴ് തൊഴിലാളികള്‍ അതിര്‍ത്തി ചെക്ക്‌പോസ്റ്റായ ബോഡിമെട്ടില്‍ എത്തി. കഴിഞ്ഞ മൂന്ന് ദിവസം നടന്നാണ് ഇവര്‍ തമിഴ്‌നാട്ടിലേക്ക് മടങ്ങാന്‍ അതിര്‍ത്തിയിലെത്തിയത്. വാഴക്കുളത്തെ പൈനാപ്പിള്‍ തോട്ടത്തില്‍ ജോലിക്കെത്തിയ തമിഴ്‌നാട് ഉസലം പെട്ടി സ്വദേശികളായ തൊഴിലാളികളാണ് ഭക്ഷണവും വെള്ളവും കിട്ടാതെ സ്വന്തം നാട്ടിലേക്ക് മടങ്ങാനെത്തിയത്.
തൊഴിലുടമകള്‍ സംരക്ഷണം നല്‍കണമെന്നതിനാല്‍ കമ്യൂണിറ്റി കിച്ചണ്‍ സേവനവും ലഭിച്ചില്ലെന്ന് ഇവര്‍ പറയുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് സംഘങ്ങളും ഇത്തരത്തില്‍ കാല്‍നടയായി മടങ്ങിയതായി തൊഴിലാളികൾ പറയുന്നു . ഭക്ഷണവും വെള്ളവും വാങ്ങി കഴിക്കാന്‍ പണവും കയ്യിലില്ല. നടക്കുന്ന വഴിയില്‍ വീടുകളില്‍ നിന്നും കിട്ടിയ ഭക്ഷണവും ബിസ്ക്കറ്റും കഴിച്ചാണ് യാത്ര. ചെക്ക് പോസ്റ്റില്‍ ഇവരത്തിയ വിവരം അറിഞ്ഞ് ശാന്തമ്പാറ പൊലീസും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും വാങ്ങി നല്‍കി. ആരോഗ്യ വകുപ്പ് പരിശോധന നടത്തി രോഗ ലക്ഷണങ്ങളിലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലേയ്ക്ക് പോകാന്‍ അനുവദിച്ചു. ഇനിയും കാല്‍നടയായി കിലോമീറ്ററുകള്‍ സഞ്ചരിച്ചാല്‍ മാത്രമേ ഇവര്‍ക്ക് സ്വദേശത്ത് എത്താന്‍ കഴിയു.