ഇടുക്കി: ഒറ്റ രാത്രിയോടെ അനാഥരാകേണ്ടി വന്ന ഹേമലതയും ഗോപികയും പെട്ടിമുടി ദുരന്തത്തിന്‍റെ നേർക്കാഴ്‌ചകളിൽ ഒന്നാണ്. മാതാപിതാക്കളെയും ബന്ധുക്കളെയും നഷ്‌ടപ്പെട്ട് കിടപ്പാടമില്ലാതെ, സംരക്ഷിക്കാനാരുമില്ലാതെ, പഠനം വഴിമുട്ടിയ ഈ സഹോദരിമാരുടെ വാർത്ത ഇടിവി ഭാരത് നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു. തുടർന്ന് പട്ടം മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ ഇരുവരുടെയും പഠന, താമസ സൗകര്യങ്ങൾ സർക്കാർ ഏറ്റെടുത്തുവെന്നത് ആശ്വാസ വാർത്തയാണ്.
ജില്ലാ കലക്‌ടർ എച്ച്. ദിനേശനും എംഎല്‍എ എസ്. രാജേന്ദ്രനും ചേർന്നാണ് അനാഥരായ വിദ്യാർഥികളുടെ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. പെട്ടിമുടി സന്ദർശിച്ച് മടങ്ങിയ മുഖ്യമന്ത്രി ഇവരെ നേരില്‍ കണ്ടു. സഹായങ്ങൾ ഉറപ്പുനല്‍കി. തുടര്‍ന്ന് ബന്ധുവീട്ടിൽ കഴിയുന്ന കുട്ടികളെ നേരിട്ടെത്തി കലക്‌ടറും എംഎല്‍എയും സന്ദർശിച്ചു. പഠനമടക്കം എല്ലാം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെന്ന വിവരം കുട്ടികളെ അറിയിച്ചു. ഒപ്പമുണ്ടെന്ന് ഉറപ്പും നല്‍കി.
ജീവിതത്തില്‍ എല്ലാം നഷ്‌ടമായപ്പോള്‍ ഒപ്പം നിന്നവരോട് ഏറെ നന്ദിയും കടപ്പാടുമുണ്ടെന്ന് ഹേമലത പ്രതികരിച്ചു. പെട്ടിമുടിയിലെ മുഴുവന്‍ ദുരന്ത ബാധിതര്‍ക്കും സര്‍ക്കാര്‍ സഹായം നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.