ഇടുക്കി : വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാൻ ഇടുക്കി ജില്ല കലക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍. 1999ല്‍ നല്‍കിയ 530 പട്ടയങ്ങളാണ് റദ്ദാക്കാനൊരുങ്ങുന്നത്. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ ജയതിലകാണ് പട്ടയങ്ങള്‍ റദ്ദാക്കാന്‍ ഉത്തരവിറക്കിയത്. 45 ദിവസങ്ങള്‍ക്കുള്ളില്‍ പട്ടയങ്ങള്‍ പരിശോധിച്ച് നിയമാനുസൃതമായി റദ്ദ് ചെയ്യണമെന്ന് സെക്രട്ടറി ജില്ല കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
ഓരോ വില്ലേജിലും പ്രത്യേക സംഘത്തെ നിയോഗിച്ച് റദ്ദാക്കാനുള്ള നടപടി എടുക്കാനാണ് ഉത്തരവ്. പട്ടയം റദ്ദാക്കുന്ന സാഹചര്യത്തിൽ നിലവിലെ ഉടമൾക്ക് പുതിയ അപേക്ഷ വേണമെങ്കിൽ നൽകാം. ഇതും ഡെപ്യൂട്ടി തഹസിൽദാരും റവന്യൂ ഇൻസ്പെക്ടർമാരും അടങ്ങുന്ന സംഘം പരിശോധിക്കണം. 45 ദിവസത്തിനുള്ളിൽ നടപടികൾ തീർക്കണമെന്നാണ് നിര്‍ദേശം.
പകരം പട്ടയത്തിന് അപേക്ഷിക്കാം
പട്ടയം റദ്ദുചെയ്യപ്പെടുന്ന 530 കുടുംബങ്ങള്‍ക്ക് പകരം രേഖയ്ക്ക് അപേക്ഷിക്കാം. ദേവികുളം തഹസില്‍ദാര്‍ക്കാണ് പുതിയ പട്ടയത്തിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്. അന്വേഷണത്തിന്‍റെ ഭാഗമായി വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ കസ്റ്റഡിയിലെടുത്ത എല്ലാ ഫയലുകളുടെയും പകര്‍പ്പുകള്‍ 15 ദിവസത്തിനുള്ളില്‍ ലഭ്യമാക്കാന്‍ കലക്ടര്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
എതിര്‍പ്പുയര്‍ത്തി രാഷ്ട്രീയ പാര്‍ട്ടികള്‍
ഇടുക്കിയിലെ പല പാർട്ടി ഓഫിസുകൾക്കും രവീന്ദ്രൻ പട്ടയമാണെന്ന ആക്ഷേപം ഉണ്ടായിരുന്നു. പട്ടയം റദ്ദാക്കാനുള്ള നീക്കങ്ങൾക്കെതിരെ എല്ലാ പാർട്ടികളും നേരത്തേ എതിർപ്പ് ഉയർത്തിയിട്ടുണ്ട്. 18.6.2019 നാണ് പട്ടയങ്ങൾ പരിശോധിക്കാൻ റവന്യൂ വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. 1999ലാണ് വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ മൂന്നാറിൽ നൽകുന്നത്. ഇവ വ്യാജമാണെന്ന് കണ്ടെത്തുന്നത് 2007ലെ മൂന്നാർ ദൗത്യ കാലത്തും. എന്നാൽ താൻ നൽകിയത് വ്യാജ പട്ടയങ്ങളല്ലെന്ന നിലപാടിലാണ് രവീന്ദ്രൻ. ഇവ വ്യാജമെന്ന് പറഞ്ഞ സർക്കാർ പിന്നീട് കോടതികളിൽ നിലപാട് മാറ്റുകയും ചെയ്‌തിരുന്നു.