ഇടുക്കി: ജില്ലയിൽ കൊവിഡ് വ്യാപനം കൂടുന്നതിനെ തുടർന്ന് സര്‍ക്കാര്‍ സ്പെഷ്യല്‍ ഓഫീസറും ജില്ലാ കലക്‌ടറും തമ്മിൽ ചർച്ച നടത്തി. കൂടുതല്‍ ഫലപ്രദമായ രോഗനിയന്ത്രണ നടപടികള്‍ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ ഓഫീസറും ഇടുക്കിയുടെ മുന്‍ ജില്ലാ കലക്‌ടറുമായ ജിആര്‍ ഗോകുല്‍ ഇന്നലെ ജില്ലാ കലക്‌ടര്‍ എച്ച് ദിനേശനുമായി സ്ഥിതിഗതികള്‍ വിലയിരുത്തി.
ഡെപ്യൂട്ടി ഡിഎംഒ ഡോ. സുഷമയുടെ നേതൃത്വത്തില്‍ ഇതുവരെ ജില്ലയില്‍ സ്വീകരിച്ച നടപടികളും രോഗപരിശോധനയുടെ വിവരങ്ങളും സ്പെഷ്യല്‍ ഓഫീസറെ അറിയിച്ചു. പോസിറ്റീവ് കേസുകളില്‍ 82 ശതമാനവും വീടുകളില്‍ കഴിയുന്നവരാണ്. രണ്ടായിരം പേരെ ഇതിനകം മാപ്പിംഗ് ചെയ്‌തിട്ടുണ്ട്. എട്ട് കണ്ടെയ്ൻമെന്‍റ് സോണുകള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജില്ലാ കലക്‌ടര്‍ അറിയിച്ചു. 15 പൊലീസ് സര്‍ക്കിളുകളിലായി 20 സെക്‌ടറല്‍ മജിസ്ട്രേറ്റുമാരെയും നിയോഗിച്ചിട്ടുണ്ട്.
യോഗത്തില്‍ അസിസ്റ്റന്‍റ് കലക്‌ടര്‍ സൂരജ് ഷാജി, എഡിഎം അനില്‍കുമാര്‍, എന്‍എച്ച്എം പ്രൊജക്‌ട് മാനേജര്‍ ഡോ. സുജിത് സുകുമാരന്‍ തുടങ്ങിയവരും പങ്കെടുത്തു.