ഇടുക്കി: ചുരുങ്ങിയ കാലം കൊണ്ട് ചിന്നക്കനാലില്‍ കയ്യേറ്റക്കാരില്‍ നിന്നും റവന്യൂ വകുപ്പ് ഒഴിപ്പിച്ചെടുത്തത് ഏക്കറ് കണക്കിന് സര്‍ക്കാര്‍ ഭൂമി. കയ്യേറ്റങ്ങള്‍ കൊണ്ട് വിവാദമായി മാറിയ ചിന്നക്കനാലിലെ സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുന്നതിന് കര്‍ശന നടപടിയാണ് ജില്ലാ ഭരണകൂടം സ്വീകരിക്കുന്നത്. അതോടൊപ്പം ആദിവാസി ഭൂമി കൈവശപ്പെടുത്തിയ കയ്യേറ്റക്കാരെ ഒഴിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
ആനയിറങ്കല്‍ ക്യാലിപ്സോ ക്യാമ്പെന്ന സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന അഞ്ച് ഏക്കര്‍, സിമൻ്റ് പാലത്തിന് സമീപം വ്യാജ കുത്തക പാട്ടം സമ്പാദിച്ച് കൈവശപ്പെടുത്തിയ അഞ്ചര ഏക്കര്‍, മൗണ്ട്ഫോര്‍ട്ട് സ്‌കൂളിന് സമീപത്തെ 18 ഏക്കര്‍ എന്നിവയാണ് അടുത്ത കാലത്ത് ഒഴുപ്പിച്ച വന്‍കിട കയ്യേറ്റങ്ങള്‍. ഇതോടൊപ്പം വാഗമണ്‍ ഉള്‍പ്പെടെയുള്ള വിവിധ മേഖലകളിലെ നിരവധി കയ്യേറ്റ ഭൂമികളും ഒഴിപ്പിച്ചു. മറ്റ് കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനുള്ള നടപടികളും നടന്നുവരികയാണ്.
അതേസമയം ചിന്നക്കനാല്‍ മുന്നൂറ്റിയൊന്ന് കോളനിയിലെ ആദിവാസി ഭൂമിയിലെ കയ്യേറ്റങ്ങള്‍ക്കെതിരേയും സർക്കാർ കര്‍ശന നടപടികള്‍ സ്വീരിച്ച് വരികയാണ്. സര്‍ക്കാര്‍ ഭൂമി പൂര്‍ണമായും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനമാണ് റവന്യൂ വകുപ്പ് നടത്തിവരുന്നത്.