ഇടുക്കി: കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ വികസനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. എറണാകുളം-തേക്കടി സ്റ്റേറ്റ് ഹൈവേയുടെ ഭാഗമായ പുള്ളിക്കാനം-വാഗമണ്‍, വാഗമണ്‍-കുവിലേറ്റം റോഡിന്‍റെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
എറണാകുളം തേക്കടി സ്റ്റേറ്റ് ഹൈവേ പൂര്‍ത്തീകരിക്കപ്പെടുന്നതോടെ എറണാകുളത്തു നിന്നും തേക്കടിക്കു പോകുവാന്‍ ഏറ്റവും ദൂരം കുറഞ്ഞ പാതയായി ഇത് മാറും. റോഡിന്‍റെ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കും. ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പ് പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഏറ്റവും അധികം പ്ലാന്‍ ഫണ്ട് അനുവദിച്ചിട്ടുള്ളത് ഇടുക്കി ജില്ലക്കാണെന്നും മന്ത്രി പറഞ്ഞു.
വാഗമണ്‍ വി.ഡി.എ ഹാളില്‍ നടത്തിയ യോഗത്തില്‍ ഇ എസ് ബിജിമോള്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തിന്‍റെ മുഖഛായ തന്നെ മാറ്റാന്‍ കഴിയുന്ന വികസന പ്രവര്‍ത്തനങ്ങളാണ് പൊതുമരാമത്ത് വകുപ്പിന്‍റെ നേതൃത്വത്തില്‍ നടന്നു വരുന്നതെന്ന് എം എല്‍ എ പറഞ്ഞു. ചടങ്ങില്‍ ബിജിമോള്‍ എം എല്‍ എ തിരി തെളിയിച്ച്, ശിലാഫലകം അനാഛാദനം ചെയ്തു. അഡ്വ ഡീന്‍ കുര്യാക്കോസ് എം .പി മുഖ്യപ്രഭാഷണം നടത്തി. റോഡുകളുടെ നിര്‍മ്മാണം നാടിന്‍റെ വികസനത്തിന് ഏറെ പ്രയോജനകരമാകുമെന്ന് എം പി പറഞ്ഞു.
17.7 കോടി രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്കുളളത്. അന്താരാഷ്ട്ര നിലവാരത്തില്‍ ബിഎംബിസി ചെയ്യുകയും ആവശ്യമായ സ്ഥലങ്ങളില്‍ സംരക്ഷണ ഭിത്തികള്‍, കലുങ്കുകള്‍, ഓടകള്‍, ഇന്‍റര്‍ലോക്ക് ടൈല്‍ വിരിച്ച് ആവശ്യമായ ഭാഗങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടയുളള പ്രവര്‍ത്തികളാണ് പദ്ധതിയിലുളളത്.