ഇടുക്കി: ജില്ലയിലെ മരം മുറിക്കല്‍ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം. പട്ടയ ഭൂമിയിലെ ചന്ദനം ഒഴികെയുള്ള മറ്റെല്ലാ മരങ്ങളും മുറിക്കുന്നതിനാണ് സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവിറക്കിയത്. ഉത്തരവ് പ്രകാരം മരം മുറിക്കല്‍ നേരിട്ട് തടസപ്പെടുത്തുകയോ മറ്റു ഉത്തരവുകള്‍ ഇറക്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. കാലങ്ങളായി നിലനിന്നിരുന്ന വലിയ പ്രതിസന്ധിക്കാണ് സര്‍ക്കാര്‍ ഉത്തരവിലൂടെ പരിഹാരമായിരിക്കുന്നത്.
മുമ്പ് കര്‍ഷകര്‍ നട്ടുവളര്‍ത്തിയ ഇരുപത്തിയെട്ടിന മരങ്ങള്‍ മുറിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും ചില നിയമ തടസങ്ങള്‍ പ്രതിസന്ധിയായിരുന്നു. എന്നാല്‍ ഇതിനെല്ലാം ശാശ്വത പരിഹാരം കാണുന്നതാണ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന പുതിയ ഉത്തരവ്. പട്ടയ ഭൂമിയില്‍ നട്ടുവളര്‍ത്തിയതും തനിയെ വളര്‍ന്നതുമായ ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളും മുറിക്കുന്നതിന് കര്‍ഷകന് അവകാശം നല്‍കുന്നതാണ് ഉത്തരവ്. ഇതോടെ ജില്ലയിലെ മരം മുറിക്കല്‍ പ്രതിസന്ധിക്ക് പര്യവസാനമായി. സര്‍ക്കാര്‍ ഉത്തരവ് മലയോര ജനതയും ഹൈറേഞ്ച് സംരക്ഷണ സമിതിയടക്കമുള്ള സംഘടനകളും സ്വാഗതം ചെയ്‌തു. വട്ടവടയിലടക്കം നിലനില്‍ക്കുന്ന മരം മുറിക്കല്‍ പ്രതിസന്ധിക്ക് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.