ഇടുക്കി: നെടുങ്കണ്ടം മുണ്ടിയെരുമയിൽ പെൺകുട്ടിയെ വീട്ടിൽ കയറി ആക്രമിച്ച പ്രതി പിടിയില്‍ (Girl Was Attacked Inside The House). പാമ്പാടുംപാറ സ്വദേശി കളിവിലാസം വിജിത്ത് ആണ് പിടിയിലായത്. ലഹരി ഉപയോഗിച്ചെത്തിയ യുവാവ് പെൺകുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു. പ്രതി മുമ്പും പെൺകുട്ടിയെ ആക്രമിക്കുവാൻ ശ്രമിച്ചിരുന്നതായും അതില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതി ശിക്ഷ അനുഭവിച്ചിട്ടുള്ളതായും ബന്ധുക്കൾ പറഞ്ഞു.
പ്രതി വീട്ടില്‍ അതിക്രമിച്ചു കയറുമ്പോൾ പെണ്‍കുട്ടി മാത്രമായിരുന്നു വീട്ടീല്‍ ഉണ്ടായിരുന്നത്. ആക്രമിക്കാനായി ശ്രമിക്കുന്നതിനിടയില്‍ കുതറി മാറിയ പെണ്‍കുട്ടിയെ വാക്കത്തികൊണ്ട് യുവാവ് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. കൈയ്ക്കും നെറ്റിയ്ക്കുമാണ് പെണ്‍കുട്ടിയ്ക്ക് വെട്ടേറ്റത്.
വെട്ടേറ്റതിനെ തുടര്‍ന്ന് കൈഞരമ്പുകള്‍ മുറിഞ്ഞു. രക്ഷപ്പെടാനായി പുറത്തേയ്ക്ക് ഓടിയ പെൺകുട്ടിയെ ഇയാൾ പിന്തുടർന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. നാട്ടുകാർ പ്രതിയെ തടഞ്ഞു വയ്‌ക്കുകയും നെടുങ്കണ്ടം പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പരിക്കേറ്റ മുണ്ടിയെരുമ സ്വദേശിനി തമിഴ്‌നാട്ടിലെ തേനി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.