ഇടുക്കി: മഴക്കെടുതിയെ തുടര്‍ന്ന് ദേവികുളം താലൂക്കിലെ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശങ്ങളില്‍ ജിയോളജിക്കല്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചു. വ്യാപക മണ്ണിടിച്ചില്‍ ഉണ്ടായ ദേവികുളം താലൂക്കിലെ മാങ്കുളം, മൂന്നാര്‍, ചിന്നക്കനാല്‍, കാണ്ടിയാന്‍ പാറ എന്നീ മേഖലകളിലാണ് പരിശോധന. മൂന്നാര്‍ ഉള്‍പ്പെടെ ദേവികുളം താലൂക്കിലെ 19 കേന്ദ്രങ്ങളിലാണ് സംഘം പരിശോധന നടത്തുന്നത്.
മണ്ണിന്റെ ഘടന, ഭൂപ്രകൃതിയുടെ ചെരിവ്, ജലസാന്നിധ്യം, പാറകളുടെ പ്രത്യേകത തുടങ്ങി വിവിധ ഘടകങ്ങള്‍ പരിശോധനക്ക് വിധേയമാക്കും. പരിശോധനയുടെ ആദ്യദിനം മൂന്നാര്‍ ഗവണ്‍മെന്‍റ് കോളജ്, ഇക്കാനഗര്‍, ദേവികുളം, ലക്ഷ്മി എസ്റ്റേറ്റ് എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി. മൂന്നാര്‍ മേഖലയില്‍ സോയില്‍ പൈപ്പിങ് പ്രതിഭാസമാണ് വ്യാപക മണ്ണിടിച്ചിലിന് കാരണമാകുന്നതെന്ന് ജിയോളജിസ്റ്റ് ഡോ. വി ബി വിനയന്‍ പറഞ്ഞു.
ഇത്തവണ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശങ്ങള്‍ക്ക് പുറമെ കഴിഞ്ഞ വര്‍ഷം മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളും പരിശോധനക്ക് വിധേയമാക്കും. ചെറുതും വലുതുമായ മണ്ണിടിച്ചില്‍ മേഖലകള്‍ പ്രത്യേകം പരിശോധിക്കും. പരിശോധന പൂര്‍ത്തിയാക്കി ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ ഉള്‍പ്പെടുന്ന ദുരന്ത നിവാരണ അതോറിറ്റിക്ക് സമര്‍പ്പിക്കും.