ഇടുക്കി: രാമക്കല്‍മേട് വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപം മാലിന്യം പെരുകുന്നു. രാമക്കല്‍മേട് ടൂറിസം കേന്ദ്രത്തില്‍ ശുചീകരണത്തിന് ജീവനക്കാരുണ്ടെങ്കിലും പരിസര പ്രദേശങ്ങളിലെ മാലിന്യം നീക്കം ചെയ്യുന്നില്ല. പ്രധാന പാതയോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലത്ത് മാലിന്യം കുമിഞ്ഞ് കൂടുകയാണ്. പ്ലാസ്റ്റിക്, കുപ്പികൾ, ഭക്ഷണ അവശിഷ്‌ടങ്ങള്‍ തുടങ്ങിയവ കൂട്ടിയിട്ടിരിക്കുകയാണ്.
വിനോദ സഞ്ചാരികള്‍ ഭക്ഷണം കഴിച്ച ശേഷം മാലിന്യം പരിസര പ്രദേശങ്ങളിലേയ്ക്ക് വലിച്ചെറിയുന്നത് പതിവാണ്. സംസ്ഥാനത്തെ പ്രധാന അവധി ആഘോഷ കേന്ദ്രമായ രാമക്കല്‍മേട്ടില്‍ ആയിരകണക്കിന് സഞ്ചാരികളാണ് എത്തുന്നത്. മാലിന്യങ്ങൾ നിക്ഷേപിയ്ക്കുന്നതിന് സൗകര്യവും ഭക്ഷണം കഴിയ്ക്കുന്നതിന് പ്രത്യേക സ്ഥലവും ഒരുക്കി നല്‍കിയില്ലെങ്കില്‍ പ്രദേശം മാലിന്യം കൊണ്ട് നിറയുമെന്ന ഭീഷണിയാണ് നിലവിലുള്ളത്.