ഇടുക്കി: കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിലെ ഗ്യാപ്പ് റോഡിന് സമീപം വീണ്ടും മലയിടിച്ചില്‍. 250 മീറ്ററോളം ഉയരത്തില്‍ നിന്നും മണ്ണ് താഴേക്ക് പതിച്ച് വ്യാപക നാശം സംഭവിക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. പ്രദേശത്തെ ചില കെട്ടിടങ്ങള്‍ക്കും കൃഷിയിടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ദേശീയപാത വികസനം നടന്നു വരുന്ന ഗ്യാപ്പ് റോഡില്‍ മുന്‍വര്‍ഷങ്ങളിലും നിരവധി തവണ വലിയ തോതില്‍ മലയിടിച്ചില്‍ ഉണ്ടാവുകയും ജീവഹാനി ഉള്‍പ്പെടെ സംഭവിക്കുകയും ചെയ്തിരുന്നു.
മലയിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഗ്യാപ്പ് റോഡിലൂടെയുള്ള യാത്രകള്‍ക്ക് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തി. ദേശിയപാതവിഭാഗം റവന്യൂ ഉദ്യോഗസ്ഥര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, പൊലീസ് തുടങ്ങിയവർ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മഴശക്തിപ്പെടുന്നതോടെ ഇവിടെ കൂടുതല്‍ മലയിടിച്ചില്‍ ഉണ്ടാകുമോയെന്ന ആശങ്ക പ്രദേശവാസികള്‍ക്കുണ്ട്.