ഇടുക്കി: ദേവികുളം മണ്ഡലത്തിൽ ഇത്തവണ യുവ സ്ഥാനാർഥികളെ മത്സരിപ്പിക്കാനാണ് എൽഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും ആലോചന. മണ്ഡലത്തിലെ മുതിർന്ന നേതാക്കളും യുവ സ്ഥാനാർഥികളെ സ്വാഗതം ചെയ്യുകയാണ്. എന്നാൽ അന്തിമ തീരുമാനം എന്താകുമെന്ന് കാത്തിരിക്കുകയാണ് മണ്ഡലത്തിലെ ജനങ്ങൾ. 1991 മുതൽ തുടർച്ചയായ മൂന്ന് തവണ ദേവികുളം മണ്ഡലത്തിൽ എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടത് കോൺഗ്രസ് നേതാവ് എ.കെ മണിയാണ്. എന്നാൽ പിന്നീടുള്ള മൂന്ന് തെരഞ്ഞെടുപ്പിലും എ.കെ മണി പരാജയപ്പെട്ടു. 2006 മുതൽ സിപിഎം നേതാവ് എസ്.രാജേന്ദ്രനാണ് ദേവികുളത്ത് വിജയിക്കുന്നത്.
മണ്ഡലത്തിലെ ശക്തി കേന്ദ്രങ്ങളാണ് ഇരുവരും. അതുകൊണ്ട് തന്നെ ഇവരുടെ അഭിപ്രായം പരിഗണിച്ചാകും മണ്ഡലത്തിലെ സ്ഥാനാർഥി നിർണയവും. മൂന്ന് ടേം പൂർത്തിയാക്കിയ എസ്.രാജേന്ദ്രൻ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. പാർട്ടി എടുക്കുന്ന തിരുമാനം അനുസരിച്ചായിരിക്കും തന്‍റെ നിലപാടെന്നും യുവാക്കളെ സ്വാഗതം ചെയ്യുകയാണെന്നും എ.കെ മണിയും പ്രതികരിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എ.രാജയുടെയും സിപിഎം ജില്ലാ കമ്മിറ്റി അംഗം ആർ.ഈശ്വരന്റെയും പേരുകളാണ് എൽഡിഎഫിൽ ഉയർന്ന് കേൾക്കുന്നത്. ആർ. രാജാറാം, മുൻ ജില്ലാപഞ്ചായത്ത് മെമ്പർ ഡി.കുമാർ, അടിമാലി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൃഷ്ണമൂർത്തി എന്നിവരാണ് യുഡിഎഫിന്റെ പരിഗണനയിലുളളത്. എന്നാൽ പുതിയ സ്ഥാനാർഥികളെ നിർണയിക്കുന്നതിൽ തർക്കങ്ങളുണ്ടായാൽ എസ്.രാജേന്ദ്രനും എ.കെ മണിയും തന്നെ വീണ്ടും സ്ഥാനാർഥികളാകും..