ഇടുക്കി: ഗുണനിലവാരം കുറഞ്ഞ മത്സ്യങ്ങള്‍ വിപണി കീഴടക്കുമ്പോള്‍ ശുദ്ധജല മത്സ്യ കൃഷിയുടെ പ്രാധാന്യം പകര്‍ന്ന് നല്‍കുകയാണ് കട്ടപ്പന വലിയതോവാള സ്വദേശി നിക്‌സണ്‍. മത്സ്യത്തൊഴിലാളി കൂടിയായ നിക്‌സണ്‍ മത്സ്യ കുഞ്ഞുങ്ങളെ കര്‍ഷകര്‍ക്ക് എത്തിച്ച് നല്‍കുന്നുമുണ്ട്. ലോക്‌ഡൗണ്‍ കാലത്ത് ഏറെ പ്രചാരം ലഭിച്ചതും മികച്ച വരുമാനം നേടിത്തന്നതുമായ കൃഷിയുമായിരുന്നു ശുദ്ധജല മത്സ്യ കൃഷി.
എന്നാല്‍ നിലവില്‍ കർഷകർ കൃഷിയില്‍ നിന്നും പിന്‍വാങ്ങുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഗിഫ്റ്റ് തിലോപ്പി അടക്കമുള്ള മത്സ്യങ്ങള്‍ക്ക് 300രൂപ വരെ വില ലഭിക്കുന്നുണ്ടെങ്കിലും മത്സ്യ തീറ്റക്കും ഫംഗസ് മരുന്നുകൾക്കും ഉണ്ടായ വില വർധനവ് ശുദ്ധജല മത്സ്യ കൃഷിയെ പ്രതികൂലമായി ബാധിച്ചു. ഗുണനിലവാരം കുറഞ്ഞ മത്സ്യങ്ങൾ വിപണി കീഴടക്കിയതും ശുദ്ധജല മത്സ്യ കൃഷിക്ക് തിരിച്ചടിയായി.
കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലും ശുദ്ധജല മത്സ്യ കൃഷി മുമ്പോട്ട് കൊണ്ടുപോകുകയാണ് നിക്‌സണ്‍. മത്സ്യ കുഞ്ഞുങ്ങളെ ഉത്‌പാദിപ്പിച്ച് വില്‍ക്കുന്നതിനൊപ്പം മത്സ്യ ബന്ധനവും തൊഴിലാക്കിയിരിക്കുകയാണ് അദ്ദേഹം. ഇരട്ടയാറിലെ മത്സ്യ സമ്പത്താണ് ഉപജീവനത്തിനായി നിക്‌സണ്‍ ആശ്രയിക്കുന്നത്.
സംസ്ഥാന സർക്കാർ ശുദ്ധജല മത്സ്യ കൃഷിക്ക് ആവശ്യമായ സഹായം നൽകിയാൽ ജില്ലയില്‍ ഗുണനിലവാരമുള്ള മത്സ്യം കൂടുതൽ ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് നിക്‌സണ്‍ പറയുന്നത്.