ഇടുക്കി : രാമക്കൽമേട്ടിൽ അതിർത്തി മേഖലയിൽ കാട്ടുതീ തുടരുന്നു. കഴിഞ്ഞ നാല് ദിവസമായി പടരുന്ന കാട്ടുതീയിൽ നൂറുകണക്കിന് ഹെക്ടർ വനഭൂമിയാണ് നശിച്ചത്. അർദ്ധരാത്രി ഫയർഫോഴ്‌സ് സംഘം രാമക്കൽമേട്ടിൽ എത്തി തീപടരാതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തി.
പകൽ സമയങ്ങളിലാണ് രാമക്കല്‍മേട്ടില്‍ തീപിടിക്കുന്നത്. തമിഴ്‌നാട് വനമേഖലയോട് ചേർന്ന ഭാഗങ്ങളിലാണ് പടരുന്നത്. നൂറുകണക്കിന് ആളുകൾ താമസിക്കുന്ന ജനവാസ കേന്ദ്രത്തിന് സമീപവും, രാമക്കൽമേട് വിനോദസഞ്ചാര കേന്ദ്രത്തിന് അടുത്തുമാണ് അഗ്‌നിബാധയുണ്ടായത്. തീ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ഭീതിയിലാണ്.
ALSO READ: വാഹന പരിശോധനക്കിടെ എസ്‌ഐയെ ഇടിച്ചിട്ടു; കഞ്ചാവ് കടത്ത് സംഘത്തിലെ ഒരാള്‍ പിടിയില്‍
നെടുങ്കണ്ടത്ത് നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് വാഹനങ്ങൾ അതിർത്തിൽ തമ്പടിച്ചാണ് കേരളത്തിന്‍റെ ഭാഗത്തേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. ഇന്നലെ അർദ്ധരാത്രിവരെ ഈ ശ്രമം തുടർന്നു. അതിർത്തിയിൽ സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് ഫയർഫോഴ്‌സ് സംഘം മടങ്ങിയത്.
കരുണാപുരം ഗ്രാമ പഞ്ചായത്തിലെ വിവിധ മേഖലകളിലും കാട്ടുതീ പടരുകയാണ്. മൊട്ടക്കുന്നുകളും പുൽമേടുകളുമാണ് കത്തി അമരുന്നത്. കൃഷിയിടങ്ങളിലും കനത്ത നാശനഷ്ടമുണ്ട്.