ഇടുക്കി: വേനല്‍ കനത്തതോടെ കാട്ടുതീ പ്രതിരോധ നടപടികളുമായി വനംവകുപ്പ് രംഗത്ത്. കാട്ടു തീ തടയാനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് കഴിഞ്ഞതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വനംവകുപ്പിന് കീഴിലുള്ള ഫയര്‍ ഗ്യാങ്ങ്, വനംസംരക്ഷണ സമിതി, വിവിധ സന്നദ്ധ സംഘടനകള്‍ തുടങ്ങിയ വകുപ്പുകളെല്ലാം ചേര്‍ന്നായിരിക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകുക. മൂന്നാര്‍ ഫോറസ്റ്റ് ഡിവിഷനു കീഴിലെ നാല് റെയിഞ്ചുകളിലും സമാന രീതിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഡിസംബര്‍ പതിനഞ്ചോടു കൂടിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. രണ്ട് മേഖലകളായി തിരിച്ചാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്. ഇതില്‍ കാട്ടുതീ ഉണ്ടാവാന്‍ അതീവ സാധ്യതയുള്ള പ്രദേശങ്ങളിലെ പുല്ലുകളും കരിയിലകളും നീക്കം ചെയ്തു കഴിഞ്ഞു. അടിമാലി ഫോറസ്റ്റ് റെയിഞ്ചിന് കീഴിലെ കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ മുന്നോട്ട് പോകുകയാണെന്ന് അടിമാലി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എം.വിജയന്‍ പറഞ്ഞു.
കാട്ടുതീ തടയുന്നത് സംബന്ധിച്ച് നാല് റെയ്ഞ്ചുകള്‍ക്ക് കീഴിലും പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. അപ്രതീക്ഷിതമായി ഉണ്ടാകുന്ന കാട്ടുതീ അണക്കാന്‍ വേണ്ട പ്രതിരോധ ഉപകരണങ്ങള്‍ വനംവകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. വനംവകുപ്പുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന സഹോദര വകുപ്പുകള്‍, വിദ്യാലയങ്ങള്‍ തുടങ്ങിയവയുടെ സഹകരണവും കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുള്ളതായും കാട്ടു തീപടരാതിരിക്കാന്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്നും വനവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.