ഇടുക്കി:ഏലം കുത്തകപാട്ട ഭൂമിയിലെ വനം വകുപ്പിന്‍റെ സര്‍വ്വേ നടപടികള്‍ക്കെതിരെ സമരത്തിനൊരുങ്ങി കേരള ജനപക്ഷം. ബഫർ സോണ്‍ പരിധി ഒരു കിലോമീറ്റർ കൂടി ദീർഘിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ സർവ്വേ. എന്നാൽ കുത്തക പാട്ട വ്യവസ്ഥയില്‍ ഏലം കൃഷി നടത്തുന്നതിനായി നല്‍കിയിരിക്കുന്ന ഭൂമി കൂടി ഉൾക്കൊള്ളിച്ചുള്ള വനം വകുപ്പ് സർവ്വേ കർഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
തലമുറകളായി കര്‍ഷകര്‍ കൈമാറി വരുന്ന ഭൂമിയിലാണ് വനം വകുപ്പ് സര്‍വ്വേ ആരംഭിച്ചിരിക്കുന്നത്. ഇത് ഏലമലക്കാടുകള്‍ വനം ഭൂമിയാണെന്ന് രേഖപെടുത്താനുള്ള വനം വകുപ്പിന്‍റെ തന്ത്രമാണെന്നാണ് നാട്ടുകാരുടെ ആരോപണം. മതികെട്ടാന്‍ ചോല അടക്കമുള്ള വന മേഖലകളിലെ ബഫര്‍ സോണ്‍ സംബന്ധിച്ച വിജ്ഞാപനവും വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ജനവാസ മേഖല ബഫര്‍ സോണ്‍ പരിധിയില്‍ ഉള്‍പ്പെടുന്ന തരത്തിലാണ് വിജ്ഞാപനം. ഇതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ശാന്തന്‍പാറ പേത്തൊട്ടിയില്‍ നാട്ടുകാര്‍ വനം വകുപ്പിനെതിരെ പ്രതിഷേധ സമരം നടത്തിയിരുന്നു.