ഇടുക്കി : ഓണക്കാലത്ത് ഇടുക്കിയിലെ ഏലം കർഷകരെ പിഴിഞ്ഞ് പണപ്പിരിവുമായി വനംവകുപ്പ് ഉദ്യോഗസ്ഥർ. ഓണച്ചെലവിനെന്ന പേരിൽ ആയിരം മുതൽ പതിനായിരം രൂപ വരെയാണ് വസൂലാക്കിയത്. വനപാലകർ പണം വാങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ ഇടിവിക്ക് ലഭിച്ചു.
മഫ്‌തിയില്‍ ഓണപ്പിരിവ്
കട്ടപ്പനയ്‌ക്കടുത്ത് പുളിയന്മലയിലുള്ള ഒരു ഏലത്തോട്ടമുടമയുടെ വീട്ടിൽ വനപാലകരെത്തി പണം വാങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ആരും തിരിച്ചറിയാതിരിക്കാൻ മഫ്‌തിയിൽ ടാക്‌സി വാഹനങ്ങളിലെത്തിയാണ് പിരിവ്. തോട്ടത്തിന്‍റെ വലിപ്പമനുസരിച്ചാണ് പണം ഈടാക്കിയത്.
ഓണം, ക്രിസ്‌മസ്, ദീപാവലി തുടങ്ങിയ വിശേഷ ദിവസങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പിരിവിനിറങ്ങാറുണ്ടെന്ന് കർഷകർ പരാതിപ്പെടുന്നു. കാർഡമം ഹിൽ റിസർവിലെ നിയമങ്ങൾ ആയുധമാക്കിയാണ് പണപ്പിരിവ്.
ഏലത്തിന് വിലയിടിവ് നേരിടുമ്പോഴുമാണ് ഉദ്യോഗസ്ഥരുടെ ഈ അനധികൃത നടപടി. സംഭവത്തില്‍ കാർഡമം ഗ്രോവേഴ്‌സ് അസോസിയേഷൻ മുഖ്യ വനപാലകന് പരാതി നൽകി.
ALSO READ:ഏലം കർഷകരിൽ നിന്ന് ഓണപ്പിരിവ് ; അന്വേഷണത്തിന് ഉത്തരവിട്ട് വനംമന്ത്രി
വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് പണപ്പിരിവെന്ന് അക്ഷേപമുണ്ട്. സംഭവത്തില്‍ സ്‌പെഷ്യൽ ബ്രാഞ്ചും വനംവകുപ്പും അന്വേഷണം ആരംഭിച്ചു.
പരാതി ശരിയാണെന്നതിനുള്ള തെളിവുകൾ സ്‌പെഷ്യൽ ബ്രാഞ്ചിന് ലഭിച്ചതായാണ് വിവരം. ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ച് വിടണമെന്ന ആവശ്യവുമായി മറ്റ് കർഷക സംഘടനകളും രംഗത്തുണ്ട്.