ഇടുക്കി: ജില്ലയിലെ ആക്രമണകാരികളായ കാട്ടാനകളെ ഇനിമുതല്‍ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കും. കാട്ടാനശല്യം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട ദേവികുളം ഡിഎഫ് ഓഫിസിൽ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇവയുടെ ശല്യം തുടര്‍ന്നാല്‍ പിടിച്ച് മാറ്റാനും യോഗത്തില്‍ തീരുമാനമായി.
കാട്ടാനശല്യം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് യോഗത്തില്‍ പ്രധാനമായും മൂന്ന് നിർദേശങ്ങളാണ് വനം വകുപ്പ് മുന്നോട്ടുവച്ചത്. ആക്രമണകാരികളായ കാട്ടാനയെ മതികെട്ടാൻ ദേശീയ ഉദ്യാനത്തിലേക്ക് മാറ്റുക, മൈക്ക് പിടിപ്പിച്ച റേഡിയോ കോളർ ഘടിപ്പിച്ച് ആനയെ നിരീക്ഷിക്കുക, ശല്യം രൂക്ഷമായി തുടർന്നാൽ ഇവയെ പിടിച്ചു മാറ്റുന്നതിന് നടപടി സ്വീകരിക്കുക എന്നിവയാണിത്. ഇത് സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് വയനാട്ടിൽ നിന്നെത്തിയ ആർആർടി സംഘം അഞ്ചുദിവസത്തിനകം സമർപ്പിക്കും. മാത്രമല്ല ചീഫ് ഫോറസ്‌റ്റ് വെറ്ററിനറി സര്‍ജന്‍ അരുൺ സക്കറിയ ഇടുക്കിയില്‍ എത്തിയതിന് ശേഷമാകും അന്തിമ തീരുമാനത്തിലേക്കെത്തുക.
ഇതോടൊപ്പം ബോഡി വഴി അതിർത്തി കടന്നെത്തുന്ന തൊഴിലാളികളുടെ വാഹനങ്ങൾക്ക് മുൻകരുതലായി കാട്ടാന എവിടെ നിൽക്കുന്നു എന്നതിനെ സംബന്ധിച്ച വിവരം കൈമാറുന്നതിനായി എൽഇഡി ബോർഡ് സ്ഥാപിക്കും. ആക്രമണകാരികളായ കാട്ടാനകളെ മേഖലയിൽ നിന്ന് പിടിച്ചു മാറ്റണമെന്ന് ആവശ്യമാണ് കർഷകർ ഉന്നയിക്കുന്നത്. കാട്ടാനകളെ പിടിച്ചു മാറ്റുന്നതുവരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന നിലപാടിലാണ് പ്രതിപക്ഷ പാർട്ടികളും കർഷക സംഘടനകളും. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് കോൺഗ്രസ് നടത്തുന്ന സമരം ആറു ദിവസം പിന്നിടുകയാണ്.
ദേവികുളത്ത് ചേർന്ന യോഗത്തിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉഷാകുമാരി മോഹൻകുമാർ, എസിഎഫ് ഷാൻട്രി ടോം, ഡിഎഫ് രമേഷ് വിഷ്ണോയി, സബ് കലക്‌ടർ രാഹുൽ കൃഷ്‌ണ ശർമ, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ എന്നിവര്‍ പങ്കെടുത്തു.