ഇടുക്കി : വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്നവർക്കെതിരെ നടപടിയുമായി വനംവകുപ്പ്. മൂന്നാർ കടലാർ എസ്‌റ്റേറ്റിൽ പടയപ്പ എന്ന കാട്ടാനയെ പ്രകോപിപ്പിച്ച ജീപ്പ് ഡ്രൈവർക്കെതിരെ വനംവകുപ്പ് കേസെടുത്തു. പടയപ്പയെ പ്രകോപിപ്പിക്കുന്നത് ടൂറിസത്തിന്‍റെ മറവിലാണെന്നാണ് വനംവകുപ്പിന്‍റെ കണ്ടെത്തൽ.
പടയപ്പയെ കാണിക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് റിസോർട്ടുകളും ടാക്‌സികളും സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. ഇക്കാര്യം വിനോദ സഞ്ചാര വകുപ്പിനെ ധരിപ്പിച്ചിട്ടുമുണ്ട്. ഇത്തരം നടപടികൾ ആവർത്തിക്കരുതെന്ന് മൂന്നാർ ഡിഎഫ്ഒ രമേഷ് വിഷ്‌ണു നിർദേശം നൽകി. കഴിഞ്ഞ ദിവസം രാത്രിയിൽ മൂന്നാറിൽ നിന്നും കുറ്റിയാർ വാലിയിലേക്ക് പോവുകയായിരുന്ന ജീപ്പിന് മുൻപിലാണ് പടയപ്പ നിലയുറപ്പിച്ചത്.
വാഹനത്തിന് നേരെ ആന അടുത്ത് തുടങ്ങിയതോടെ ഡ്രൈവർ ഹോൺ മുഴക്കി അതിനെ പ്രകോപിപ്പിക്കുകയായിരുന്നു. ആന ജീപ്പിനുനേരേ പാഞ്ഞടുത്തെങ്കിലും തലനാരിഴയ്ക്ക് സഞ്ചാരികൾ രക്ഷപ്പെട്ടു. പടയപ്പയെ ഹോണടിച്ചും വണ്ടി ഇരപ്പിച്ചും പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്ന മറ്റൊരു വീഡിയോയും പ്രചരിക്കുന്നുണ്ട്.
കടലാർ എസ്‌റ്റേറ്റിലെ തേയില ചെടികൾക്കിടയിൽ നിന്നും റോഡിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്ന പടയപ്പയെ അതുവഴി പോവുകയായിരുന്ന വാഹനം അനാവശ്യമായി ഹോൺ മുഴക്കി പ്രകോപിപ്പിക്കുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.