ഇടുക്കി: അടിമാലി ടൗണില്‍ താലൂക്കാശുപത്രി പരിസരത്തെ ഫുട്‌പാത്തുകള്‍ കയ്യടക്കിയുള്ള വാഹനപാര്‍ക്കിങ്ങ് കാല്‍നടയാത്രികര്‍ക്ക് ബുദ്ധിമുട്ട് ജനിപ്പിക്കുന്നതായി പരാതി. അടിമാലി ടൗണില്‍ ദേശിയപാത 185ന്‍റെ ഭാഗമായ ഫുട്‌പാത്ത് കയ്യടക്കിയുള്ള വാഹന പാര്‍ക്കിങ്ങാണ് കാല്‍നടയാത്രികര്‍ക്ക് ബുദ്ധിമുട്ട് ജനിപ്പിക്കുന്നത്. സെന്‍ട്രല്‍ ജംഗ്ഷന്‍ മുതല്‍ ലൈബ്രറി റോഡ് ജംഗ്ഷന്‍ വരെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ഗതാഗതകുരുക്കിനും ഇടവരുത്തുന്നു. താലൂക്കാശുപത്രിയുടെ പുതിയ ബ്ലോക്കിന് മുമ്പിലെ കവാടത്തില്‍ ഫുട്‌പാത്തിന് കുറുകെ തന്ന ഇരുചക്രവാഹനങ്ങള്‍ നിര്‍ത്തിയിട്ട് ബൈക്ക് യാത്രികര്‍ ഇതര ആവശ്യങ്ങള്‍ക്ക് പോകുക പതിവായിട്ടുണ്ട്. ഇത്തരം അനധികൃത പാര്‍ക്കിങ്ങിനെതിരെ നടപടിവേണമെന്ന ആവശ്യം കാല്‍നടയാത്രികര്‍ മുമ്പോട്ട് വയ്ക്കുന്നു.
ഫുട്‌പാത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതു മൂലം കാല്‍നടയാത്രികര്‍ക്ക് പലപ്പോഴും തിരക്കേറിയ റോഡിലൂടെ ഇറങ്ങി നടക്കേണ്ട സാഹചര്യമാണുള്ളത്. താലൂക്കാശുപത്രിയിലേക്കെത്തുന്ന പ്രായമായവരും സ്ത്രീകളും കുട്ടികളുമെല്ലാം നിത്യവും ഈ ബുദ്ധിമുട്ടനുഭവിക്കുന്നവരാണ്. അനധികൃത പാര്‍ക്കിങ്ങ് തടയാന്‍ പൊലീസ് ചില ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും അവ ഫലവത്തായി തീരുന്നില്ല. നോ പാര്‍ക്കിങ്ങ് സൂചന നല്‍കിയുള്ള പഞ്ചായത്തിന്‍റെ മുന്നറിയിപ്പ് ബോര്‍ഡിനും ആരും ഒരുവിലയും കല്‍പ്പിക്കാറില്ല. ഇക്കാര്യത്തില്‍ പൊലീസ് കൂടുതല്‍ കര്‍ശന നടപടി സ്വീകരിച്ചാല്‍ മാത്രമെ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ സാധിക്കുകയുള്ളു.