ഇടുക്കി: നെടുങ്കണ്ടത്ത് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന നടത്തി. ഹോട്ടലിൽ നടത്തിയ പരിശോധനയിൽ പഴകിയ ഇറച്ചി കണ്ടെത്തി. ഫുഡ് സേഫ്‌റ്റി ലൈസൻസ് ഇല്ലാതെയാണ് ഹോട്ടൽ പ്രവർത്തിച്ചത്.
ഫുഡ് സേഫ്‌റ്റി കമ്മിഷണറുടെ നിർദേശം ലഭിച്ചശേഷം മാത്രമേ ഇനി ഹോട്ടൽ തുറന്നു പ്രവർത്തിക്കുവാൻ പാടുള്ളു എന്ന് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. പുതുവത്സര ദിനത്തിലാണ് സംഭവം നടന്നത്. നെടുങ്കണ്ടം കാമൽ റെസ്റ്റോ ഹോട്ടലിൽ നിന്നും ഷവർമ കഴിച്ച ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ഭക്ഷ്യ വിഷബാധ ഏൽക്കുകയായിരുന്നു. ഭക്ഷ്യ വിഷബാധയ്‌ക്ക് കാരണമായ ഷവർമ വിതരണം ചെയ്‌ത ഹോട്ടലിലും ആശുപത്രിയിലും ആണ് പരിശോധന നടത്തിയത്.
പീരുമേട്, ഇടുക്കി എന്നിവിടങ്ങളിലെ ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തിയത്. പരിശോധന നടത്തുമ്പോഴും പഴകിയ ഇറച്ചി കണ്ടെത്തി. ഇത് നശിപ്പിക്കുവാൻ ജീവനക്കാർക്ക് ഉദ്യോഗസ്ഥർ നിർദേശം നൽകി. ജലം പരിശോധിച്ചതിന്‍റെ സർട്ടിഫിക്കറ്റ്, ഷവർമ കടകൾക്ക് വേണ്ട ഫുഡ് സേഫ്‌റ്റി ലൈസൻസ്, ആകെയുള്ള എട്ട് ജീവനക്കാരിൽ ആറ് ജീവനക്കാരുടെ ഹെൽത്ത് കാർഡ് പുതുക്കാത്തത്, വൃത്തിഹീനമായ ചുറ്റുപാട് തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.
ഇതേ സമയം ഭക്ഷ്യ വിഷബാധയേറ്റ കുടുംബത്തെ ഇന്നലെ ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ചെയ്‌തിരുന്നു. എന്നാൽ ഇന്ന് വിപിന്‍റെ അമ്മ ലിസിക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.