ഇടുക്കി: തമിഴ്‌നാട്ടിൽ നിന്ന് ഏറ്റവും കൂടുതൽ ഭക്ഷ്യവസ്‌തുക്കൾ കേരളത്തില്‍ എത്തുന്നത് ഇടുക്കിയിലെ അതിർത്തി ചെക്ക് പോസ്റ്റുകൾ കടന്നാണ്. അത് പച്ചക്കറി ആണെങ്കിലും ആട്, മാട്, കോഴിയാണെങ്കിലും. എന്നാൽ ഇതൊക്കെ കൃത്യമായ പരിശോധനകൾക്ക് വിധേയമാകാതെയാണ് അതിർത്തി കടന്ന് കേരളത്തിലേക്ക് എത്തുന്നത്.
ഭക്ഷ്യ സുരക്ഷയിലെ ആശങ്ക വർധിക്കുമ്പോഴും പോരായ്‌മകൾ പരിഹരിക്കാനുള്ള പ്രാഥമിക ഘട്ടത്തിൽ പോലും വലിയ വീഴ്‌ചയാണ് അനുബന്ധ സംവിധാനങ്ങൾക്ക് ഉണ്ടാകുന്നത് എന്നാണ് ആക്ഷേപം. അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഭക്ഷ്യവസ്‌തുക്കൾ എത്തുമ്പോൾ ഗുണനിലവാരം ഉറപ്പാക്കാൻ മതിയായ സൗകര്യം ചെക്ക് പോസ്റ്റുകളിൽ ഇല്ല. വിഷം നിറച്ച പച്ചക്കറി ആണെങ്കിലും കേടായ മാംസം ആണെങ്കിലും യാതൊരു പരിശോധനയും ഇല്ലാതെ കേരളത്തിലേക്ക് കൊണ്ടുവരാൻ കഴിയും.
ഇടുക്കി ജില്ലയിൽ നാല് അതിർത്തി ചെക്ക് പോസ്റ്റുകളാണ് ഉള്ളത്. കമ്പംമെട്ട്, കുമളി, ബോഡിമെട്ട്, ചിന്നാർ എന്നിവയാണ് അവ. ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷ, വെറ്ററിനറി, ഡയറി, ഫിഷറീസ് വകുപ്പുകളുടെ പരിശോധന വേണമെന്നത് നിർബന്ധമാണെന്നിരിക്കെ ഈ നാല് ചെക്ക് പോസ്റ്റുകളിൽ ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്‍റെ യാതൊരുവിധ പരിശോധനയും നടക്കുന്നില്ല എന്നതാണ് ആക്ഷേപത്തിന് വഴിയൊരുക്കിയത്.
കമ്പംമെട്ട്, കുമളി, ബോഡിമെട്ട് ചെക്ക് പോസ്റ്റുകളിൽ മൃഗസംരക്ഷണ വകുപ്പിന്‍റെ ഓഫിസ് ഉണ്ട്. പക്ഷേ പരിശോധന കാര്യക്ഷമമല്ല. ചത്ത കോഴി, പഴകിയ മാംസം, പാല് ഇവയൊക്കെ മുൻകാലങ്ങളിൽ നാട്ടുകാർ പിടികൂടിയിട്ടുണ്ട്. ഉദ്യോഗസ്ഥർ യാതൊരു വിധ നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം.
ഇടുക്കി ജില്ലയിൽ 75 ഓളം ഭക്ഷണശാലകൾക്കെതിരെ സമീപകാലത്ത് ആരോഗ്യവകുപ്പും ഭക്ഷ്യ സുരക്ഷ വിഭാഗവും നടപടി സ്വീകരിച്ചിരുന്നു. മൈക്രോ ബയോളജി പരിശോധന നടത്തി വേണം ഭക്ഷണ പദാര്‍ഥങ്ങളിലെ വിഷ ബാധ തെളിയിക്കാന്‍. ജില്ലയിലെ ആവശ്യങ്ങള്‍ക്ക് കാക്കനാടുള്ള ലാബിനെയാണ് ഭക്ഷ്യ സുരക്ഷ വിഭാഗം ആശ്രയിക്കുന്നത്.
അതിനാൽ പരിശോധനകള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കി നടപടികള്‍ സ്വീകരിക്കാന്‍ ഭക്ഷ്യ സുരക്ഷ വിഭാഗത്തിന് സാധിക്കുന്നില്ല. അതിർത്തി ചെക്ക് പോസ്റ്റുകളിലെ പരിശോധന കർശനമാക്കിയാൽ ഒരു പടി കൂടി ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ കഴിയും എന്നാണ് നാട്ടുകാര്‍ പറയുന്നത്. എറണാകുളത്ത് 500 കിലോ പഴകിയ കോഴി ഇറച്ചി പിടികൂടിയിട്ട് രണ്ടാഴ്‌ച പിന്നിടുന്നു. പക്ഷേ അതിർത്തി ചെക്ക് പോസ്റ്റുകളിൽ അങ്ങനെയൊരു സംഭവം ഉണ്ടായതിന്‍റെ ചൂട് ഇപ്പോഴുമില്ല.