ഇടുക്കി: ഗ്യാപ്പ് റോഡിലെ ഉരുൾപൊട്ടലിനെ തുടർന്ന് കൃഷിനാശം സംഭവിച്ച ചിന്നക്കനാൽ പഞ്ചായത്തിലെ മുട്ടുകാട്, സൊസൈറ്റിമേട് നിവാസികൾക്ക് നാളിതുവരെ യാതൊരുവിധ ആനുകൂല്യങ്ങളും ലഭിച്ചില്ല എന്ന് പരാതി. കൃഷിയിടങ്ങളിൽ അടിഞ്ഞു കൂടിയ മണ്ണും കല്ലും നീക്കം ചെയ്‌തു നൽകിയില്ലെന്നും പരാതിയുണ്ട്. പ്രളയത്തിൽ തകർന്ന വീടിനും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.
ചിന്നക്കനാൽ പഞ്ചായത്തിലെ ഒന്നാം വാർഡായ മുട്ടുകാട് സൊസൈറ്റിമേട് നിവാസികൾ ദുരിതത്തിലായിട്ട് മൂന്ന് മാസക്കാലം പിന്നിടുന്നു. ഓഗസ്റ്റ് മാസം ആറാം തീയതിയാണ് ഈ മേഖലയിൽ വലിയ ഉരുൾപൊട്ടൽ ഉണ്ടാകുന്നത്. കൊച്ചി ധനുഷ്‌കോടി ദേശീയപാത വികസനത്തിന്‍റെ ഭാഗമായി ഗ്യാപ്പ് റോഡിൽ അശാസ്ത്രീയമായി പാറ ഖനനം ചെയ്‌തതിനെ തുടർന്നാണ് ഉരുൾപൊട്ടൽ ഉണ്ടയത്. ഉരുൾപൊട്ടലിനെ തുടർന്ന് കൃഷിയിടങ്ങളിലേയ്ക്ക് ഒഴുകിയെത്തിയ മണ്ണും കല്ലും മരങ്ങളും നാളിതുവരെ നീക്കം ചെയ്തുനൽകുവാൻ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല എന്ന് പ്രദേശവാസികൾ പറയുന്നു.
ത്രിതല പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി, ജില്ലാ കലക്‌ടർ റവന്യു ഉദ്യോഹസ്ഥർ തുടങ്ങി നിരവധി പേർ സ്ഥലം സന്ദർശിച്ചു. എന്നാൽ നാളിതുവരെ യാതൊരുവിധ സഹായങ്ങളും ലഭിച്ചിട്ടില്ല. കല്ലും മണ്ണും നിറഞ്ഞ ഭൂമി കൃഷിയോഗ്യമാക്കി നൽകണമെന്നും പ്രളയത്തിൽ തകർന്ന വീടുകൾക്ക് നഷ്ടപരിഹാരം നൽകണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.