ഇടുക്കി: സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രളയ സെസ് ഇടുക്കി ജില്ലയിലെ ചെറുകിട വ്യാപാരികൾക്ക് തിരിച്ചടിയാകുന്നു. പ്രളയാനന്തര പുനർ നിർമാണവുമായി ബന്ധപ്പെട്ട് 600 കോടി രൂപ കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് പ്രളയ സെസ് ഏര്‍പ്പെടുത്തിയത്. പ്രളയത്തിൽ അകപ്പെട്ട് ദുരിതം അനുഭവിക്കുന്നവരുടെ മേൽ കനത്ത സാമ്പത്തിക ഭാരമാണ് അടിച്ചേല്‍പ്പിക്കുന്നതെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് വ്യാപാരമേഖലയിൽ ഉയരുന്നത്.
നിശ്ചിത ഉൽപന്നങ്ങൾക്ക് അധിക നികുതിയായി ഒരു ശതമാനം സെസ് ചുമത്തി 600 കോടി രൂപ സമാഹരിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ ചെറുകിട കർഷകർ ഉപയോഗിച്ചു വരുന്ന അക്കൗണ്ട് സോഫ്റ്റ്‌വേയറിൽ സെസ് ഉൾപ്പെടുത്താൻ ക്രമീകരണം ചെയ്യണം. സോഫറ്റ്‌വേയർ പരിഷ്‌കരണം നടത്തുന്നതിലൂടെ വൻ സാമ്പത്തിക ഭാരമാണ് ജില്ലയിലെ ചെറുകിട വ്യാപാരികൾ നേരിടേണ്ടി വരിക. സെസ് പിരിവിന്റെ കാലാവധി കഴിഞ്ഞ് വീണ്ടും മാറ്റം വരുത്തേണ്ടതുണ്ട്. ഇതോടെ വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ട അവസ്ഥയിലാകുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഇതിനെതിരെ പ്രതിഷേധവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജകുമാരി യൂണിറ്റ് രംഗത്തെത്തി.
കഴിഞ്ഞ പ്രളയവും ഈ വർഷത്തെ വരൾച്ചയും കാർഷിക മേഖലയായ ഇടുക്കി ജില്ലയെ പൂർണമായും തകർത്തിരിക്കുകയാണ്. ഇത്തരത്തിൽ ദുരിതമനുഭവിക്കുന്ന കർഷകരുടെയും വ്യാപാരികളുടെയും മേൽ അധിക നികുതി ഭാരം ചുമത്തുന്നത് പ്രതിഷേധാർഹമാണെന്ന് വ്യാപാരികള്‍ പറഞ്ഞു. വരും ദിനങ്ങളിൽ സംസ്ഥാന ജില്ലാ നേതൃത്വത്തിന് ഒപ്പം ശക്‌തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജകുമാരി യൂണിറ്റ് ഭാരവാഹികൾ പറഞ്ഞു.