ഇടുക്കി: തൊടുപുഴ ഉണ്ടപ്ലാവിൽ അസം സ്വദേശിയുടെ അഞ്ച് വയസുകാരൻ മകന് ക്രൂര മർദനം. സംഭവത്തില്‍ പിതാവിന്‍റെ സഹോദരനായ ഇംദാദുൾ ഹക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മർദനത്തില്‍ കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലേൽക്കുകയും ആന്തരിക രക്തസ്രാവമുണ്ടാവുകയും ചെയ്‌തു.
ഇന്നലെ വൈകിട്ടാണ് അഞ്ചു വയസുകാരനെ പ്രതി തറയിലേക്ക് തള്ളിയിട്ടത്. കുട്ടി ഇന്നലെ രാത്രി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് തൊടുപുഴ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
പല തവണ ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്നും ഇത് നിർത്തണമെന്നും ആശാ പ്രവർത്തകർ വീട്ടുകാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി നാട്ടുകാർ പറയുന്നു. കുട്ടി അപകടനില തരണം ചെയ്‌തതായി തൊടുപുഴ ആശുപത്രി അധികൃതർ അറിയിച്ചു. മരപ്പണിക്കാരായ ഇതര സംസ്ഥാന തൊഴിലാളി കുടുംബം കഴിഞ്ഞ ഒരു വർഷമായി തൊടുപുഴ ഉണ്ടപ്ലാവിലാണ് താമസം.