ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സന്ദര്‍ശനം നടത്തി അഞ്ചംഗ ഉപസമിതി. കേന്ദ്ര ജലക്കമ്മിഷൻ, കേരള ജലവിഭവ വകുപ്പ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടായിരുന്നത്. അണക്കെട്ടിലെ മൂന്ന് സ്പിൽവേ ഷട്ടറുകൾ ഉയർത്തി സമിതി അംഗങ്ങള്‍ പരിശോധന നടത്തി.
ചൊവ്വാഴ്‌ച രാവിലെ തേക്കടിയിൽ നിന്നും ബോട്ട് മാർഗം അണക്കെട്ടിലെത്തിയ സമിതി അംഗങ്ങള്‍ പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി എന്നിവിടങ്ങളിൽ പരിശോധന നടത്തി. തുടര്‍ന്ന് സ്വീപ്പേജിന്‍റെ അളവ് രേഖപ്പെടുത്തി.പതിമൂന്ന് സ്‌പിൽവേ ഷട്ടറുകളിൽ മൂന്ന് എണ്ണം ഉയർത്തി പരിശോധിച്ചു.
ഓൺലൈന്‍ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി
ഇതിനുപുറമേ, തമിഴ്‌നാട്ടിലെക്ക് വെള്ളം കൊണ്ടുപോകുന്ന ഫോർവേ ഡാമും സമിതി പരിശോധിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ കുമളിയിലുള്ള മുല്ലപ്പെരിയാർ ഓഫിസിൽ ഒത്തുകൂടാതെ, സമിതി അംഗങ്ങള്‍ ഓൺലൈന്‍ യോഗം ചേര്‍ന്ന് അണക്കെട്ടിലെ നിലവിലെ അവസ്ഥ വിലയിരുത്തി.
കേന്ദ്ര ജലക്കമ്മിഷൻ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ശരവണകുമാർ അധ്യക്ഷനായ സമിതിയിൽ കേരള ജലവിഭവ വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ഹരികുമാർ, അസിസ്റ്റന്‍റ് എഞ്ചിനീയര്‍ എൻ.എസ് പ്രസീദ്, തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ സാം ഇർവിൻ, എ.ഇ കുമാർ എന്നിവരുണ്ടായിരുന്നു.
ഏപ്രിൽ 20 നാണ് ഇതിനുമുമ്പ് അവസാനമായി സംഘം ഡാം സന്ദർശിച്ചത്. അണക്കെട്ടിലെ ചൊവ്വാഴ്‌ചത്തെ ജലനിരപ്പ് 133.91 അടിയാണ്.
ALSO READ: 'അഫ്‌ഗാനിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കണം'; വിദേശകാര്യ മന്ത്രാലയത്തിന് നോര്‍ക്കയുടെ കത്ത്