ഇടുക്കി: പെട്ടിമുടി ദുരന്തബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്തു. മൂന്നാർ പഞ്ചായത്ത് ഹാളിൽ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ ധനസഹായ വിതരണം നിർവ്വഹിച്ചു. ഗസറ്റ് നോട്ടിഫിക്കേഷൻ വന്നിട്ടുള്ള 39 പേരുടെ ആവകാശികളായ 81 പേർക്കായി ഒരു കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം രൂപയാണ് വിതരണം ചെയ്‌തത്. പെട്ടിമുടിയിലെ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കിയുള്ള പ്രവർത്തനങ്ങള്‍ക്കിടെയാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായവും വിതരണം ചെയ്‌തത്. മുഴുവൻ ആളുകളും മരണപ്പെട്ട കുടുംബത്തിലെ അവകാശികളെ കണ്ടെത്തി നടപടിക്രമങ്ങൾ പൂർത്തീകരിച്ചാണ് ധനസഹായം നൽകിയത്.
പെട്ടിമുടി ദുരന്തഭൂമിയിൽ മനുഷ്യ സാധ്യമായതെല്ലാം സർക്കാർ ചെയ്‌തിട്ടുണ്ടെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. മന്ത്രി എം എം മണി, ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ, ജില്ലാ കലക്‌ടർ എച്ച് ദിനേശൻ, സബ് കലക്‌ടർ പ്രേം കൃഷ്‌ണൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.