ഇടുക്കി: കാട്ടാന കൂട്ടത്തെ പേടിച്ച് ഉറക്കമില്ലാതെ കാവലിരിക്കുകയാണ് ഇടുക്കി തേവാരംമെട്ട് നിവാസികള്‍. ഒരു കുട്ടിയാന അടക്കം മൂന്ന് ആനകളാണ് ജനവാസ മേഖലയ്ക്ക് സമീപം തമ്പടിച്ചിരിക്കുന്നത്. ഉത്രാട ദിനത്തില്‍ രാത്രിയില്‍ എട്ടരയോടെയാണ് കാട്ടാന കൂട്ടം തേവാരംമെട്ട് മുതുവാന്‍ കുടിയ്ക്ക് സമീപം എത്തിയത്.
തുടര്‍ന്ന് നാട്ടുകാര്‍ പടക്കം പൊട്ടിച്ച് ആനകളെ ഓടിക്കാൻ ശ്രമിച്ചു. നാട്ടുകാര്‍ക്ക് സഹായമായി വനം വകുപ്പ് ജീവനക്കാരും എത്തിയിരുന്നു. തമിഴ്‌നാട് വന മേഖലയോട് ചേര്‍ന്ന് കിടക്കുന്ന തേവാരംമെട്ടില്‍ ആന ശല്യം അതി രൂക്ഷമാണ്. മുമ്പും കാട്ടാനകൾ കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെടുന്ന പ്രദേശം കൂടിയാണിവിടം. രാത്രികാലങ്ങളില്‍ മഞ്ഞും മഴയും ഉണ്ടെങ്കില്‍ ഇല്ലിക്കാടുകളോട് ചേര്‍ന്ന പുല്‍മേടുകളില്‍ നിലയുറപ്പിയ്ക്കുന്ന ആനകളെ കാണാന്‍ സാധിക്കില്ല. പ്രദേശത്ത് വഴി വിളക്കുകള്‍ സ്ഥാപിയ്ക്കണമെന്ന് നാട്ടുകാര്‍ കാലങ്ങളായി ആവശ്യപെടുന്നുണ്ടെങ്കിലും ഇതിനു നേരെയും അധികൃതർ കണ്ണടച്ച സ്ഥിതിയാണ്.
നിലവില്‍ മരങ്ങളിലും മറ്റും സിഎഫ്എല്‍ ലൈറ്റുകള്‍ സ്ഥാപിച്ചാണ് നാട്ടുകാര്‍ വെളിച്ചം എത്തിയ്ക്കാന്‍ ശ്രമിയ്ക്കുന്നത്. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്തെ ട്രഞ്ചിന്‍റെ വ്യാപ്‌തി വർധിപ്പിയ്ക്കണമെന്നും ഫെന്‍സിംഗ് സ്ഥാപിച്ച് കൃഷിയിടങ്ങളിലേയ്ക്ക് ആന കടക്കുന്നത് തടയണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
ALSO READ: ഇടുക്കി ചിന്നക്കനാലിൽ കാട്ടാന വൈദ്യുതി ആഘാതമേറ്റ് ചെരിഞ്ഞു