ഇടുക്കി: കൃഷി ഭൂമി ഇടിഞ്ഞ് താഴ്ന്ന് ഗര്‍ത്തം രൂപപ്പെട്ടു. വെള്ളത്തൂവല്‍ വില്ലേജിലെ മാങ്കടവിന് സമീപം നായിക്കുന്നിലാണ് കൃഷി ഭൂമി ഇടിഞ്ഞ് താഴ്ന്ന് വലിയ ഗര്‍ത്തം രൂപപ്പെട്ടത്. കാര്‍മ്മല്‍ മാതാ ഹൈസ്‌ക്കൂളിന് സമീപമുള്ള കാക്കനാട് എസ്റ്റേറ്റിന്റെ ഭാഗമായുള്ള റബ്ബര്‍ തോട്ടത്തിലാണ് ഗര്‍ത്തം കാണപ്പെട്ടത്. തോട്ടത്തില്‍ ടാപ്പിങിന് എത്തിയ തൊഴിലാളികളാണ് കുഴി ആദ്യം കണ്ടതെന്നും ഗര്‍ത്തത്തിന് ഏകദേശം 30 അടിയോളം താഴ്ച്ചയുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു.
സോയില്‍ പൈപ്പിങ് പ്രതിഭാസമാണ് ഗര്‍ത്തം രൂപപ്പെടാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. 2018 ലെ പ്രളയത്തില്‍ മാങ്കടവ് നായിക്കുന്ന് മേഖലകളില്‍ വലിയ തോതില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയ വിദഗ്‌ധ സംഘം സോയില്‍ പൈപ്പിങ്ങാണ് മണ്ണിടിച്ചിലിന് കാരണമായതെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് വീണ്ടും മറ്റൊരു ഗര്‍ത്തം രൂപം കൊണ്ടിട്ടുള്ളത്.