ഇടുക്കി: ജില്ലയിൽ ഒരു സ്വകാര്യ കമ്പനി വ്യാജ വളം നൽകി പറ്റിച്ചുവെന്നും തങ്ങളെ തെറ്റിദ്ദരിപ്പിച്ച് ബാങ്കിൽ നിന്നും ലോൺ എടുപ്പിച്ച് വഞ്ചിച്ചുവെന്നും ആരോപിച്ച് കർഷകർ രംഗത്ത്. ബൈസൺവാലി, ചെമ്മണ്ണാർ,സേനാപതി, മാങ്ങാത്തൊട്ടി തുടങ്ങിയ മേഖലകളിലെ കർഷകരാണ് സ്‌പൈസസ് പ്രൊഡ്യൂസര്‍ എന്ന കമ്പനിക്കെതിരെയും നോട്ടീസ് അയച്ച അർബർ ബാങ്കിനെതിരെയും രംഗത്തെത്തിയിരിക്കുന്നത്.
ഉയർന്ന വിളവ് നൽകും എന്ന അവകാശ വാദവുമായി രാജാക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ബൈസൺവാലി, ചെമ്മണ്ണാർ,സേനാപതി, മാങ്ങാത്തൊട്ടി തുടങ്ങിയ മേഖലകളിലുള്ള ചെറുകിടതോട്ടങ്ങളിലാണ് പരീക്ഷണ കൃഷി നടത്തിയത്. കൂടാതെ കൃഷിക്കാവശ്യമായ തുക ഈ കമ്പനി തന്നെ ഇടപെട്ട് അർബന്‍ ബാങ്കിൽ നിന്നും കർഷകരുടെ പേരിൽ വാങ്ങുകയും ചെയ്തുവെന്ന് കർഷകയായ ബൈസൺവാലി സ്വദേശി ഷീജ സന്തോഷ് പറഞ്ഞു. അധിക വിളവ് ലഭിച്ചാല്‍ മാത്രം ലോണ്‍ തിരിച്ചടച്ചാല്‍ മതിയെന്നും കൃഷി നാശമുണ്ടായാൽ ലോണ്‍ കമ്പനി തന്നെ അടയ്ക്കുമെന്നും ലോണിന് ഇൻഷൂറൻസ് പരിരക്ഷയുണ്ടെന്നും കമ്പനി പറഞ്ഞിരുന്നതായും കർഷകനായ പാറത്തോട് സ്വദേശി പാൽരാജ് പറഞ്ഞു.
എന്നാൽ ഈ വളം ഉപയോഗിച്ചതിന് ശേഷം തങ്ങളുടെ കൃഷി നശിക്കുകയും തങ്ങൾ കടക്കാരായി മാറുകയുമാണ് ചെ്യ്തതെന്ന് ഇവർ പറയുന്നു. കൃഷി നശിച്ച വിവരം കർഷകർ കമ്പനിയെ അറിയിച്ചപ്പോൾ ഒരു വർഷത്തിനിടയിൽ ഇൻഷൂർ ചെയ്ത ചെടി നശിച്ചാൽ ഇൻഷുറൻസ് കമ്പനി തെറ്റിദ്ധരിക്കുമെന്നും പിന്നീട് അറിയിച്ചോളാമെന്നാണ് എസ്‌പിസി കമ്പനി തങ്ങളെ പറഞ്ഞ് വിശ്വസിപ്പിച്ചതെന്ന് ഇവർ പറയുന്നു. മൂന്ന് വർഷം കഴിഞ്ഞ് ബാങ്ക് കര്‍ഷകരോട് വായ്‌പ തുക തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെടുമ്പോഴാണ് തങ്ങളെ കമ്പനി കബിളിപ്പിക്കുകയായിരുന്നു എന്ന് മനസിലായത്.
കബളിക്കപ്പെട്ടതോടെ കർഷകർ കമ്പനിയിലും ബാങ്കിലും പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കൂടാതെ വ്യാഴാഴ്ച രാജാക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിതായും കർഷക രക്ഷാസമിതി രക്ഷാധികാരി കെ.ജി ഷിബു, ചെയർമാൻ പി.ജെ ജോസഫ്, കൺവീനർ ഷാജി ജോസഫ് എന്നിവർ അറിയിച്ചു.