ഇടുക്കി: കാലാവസ്ഥ അനുകൂലമായതോടെ ഉത്പാദനം കൂടിയത് തേയില കർഷകർക്ക് തിരിച്ചടിയായി. ഉത്പാദനം ഇരട്ടിയായതോടെ തേയിലക്കൊളുന്തിന്‍റെ വില ഇടിഞ്ഞതും ഫാക്‌ടറികൾ കൊളുന്ത് വാങ്ങുന്നതിന്‍റെ അളവ് പകുതിയാക്കിയതും ജില്ലയിലെ 12,000ഓളം ചെറുകിട തേയില കർഷകർക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
ആവശ്യത്തിൽ കൂടുതൽ പച്ചക്കൊളുന്ത് എത്താൻ തുടങ്ങിയതോടെ ഫാക്ടറികൾ പലതും തേയില വാങ്ങുന്നത് നിർത്തി. വാങ്ങുന്നവർ തന്നെ അളവ് പകുതിയാക്കി കുറച്ചു. ഇതോടെ കൊളുന്ത് വിലയും ഇടിഞ്ഞു. 10.32 രൂപയാണ് ടീ ബോർഡ് നിശ്ചയിച്ച തറവിലയെങ്കിലും ഫാക്‌ടറികൾ ഇതിലും കുറഞ്ഞ വിലയാണ് കർഷകർക്ക് നൽകുന്നത്.
ചെറുകിട കർഷകർ ഉൽപ്പാദിപ്പിക്കുന്ന രണ്ടര ലക്ഷം കിലോയോളം കൊളുന്താണ് പ്രതിദിനം മുന്നാർ, പീരുമേട്, ഇടുക്കി, വാൽപ്പാറ എന്നിവിടങ്ങളിലെ ഫാക്ടറികളിലേക്ക് കൊണ്ടുപോയിരുന്നത്. ഇപ്പോൾ കമ്പനികൾ പിൻവാങ്ങിയത് കർഷകർക്ക് കനത്ത തിരിച്ചടിയായി.
മൂന്നാർ മേഖലയിലേക്ക് ദിവസങ്ങളായി കൊളുന്ത് കൊണ്ടുപോകുന്നില്ല. ചുരുക്കം ചില ഫാക്ടറികൾ കുറഞ്ഞ അളവിൽ കൊളുന്ത് വാങ്ങുന്നുണ്ടെങ്കിലും കിലോക്ക് ഒമ്പത് രൂപ മുതൽ 10 രൂപ വരെയാണ് നൽകുന്നത്. വിവിധ കാരണങ്ങൾ പറഞ്ഞത് 10 മുതൽ 15 ശതമാനം വരെ തൂക്കത്തിലും കുറവ് വരുത്തും. ഏതാനും ആഴ്ച മുൻപ് വരെ 16 രൂപക്ക് വരെ കൊളുന്ത് വിറ്റിരുന്ന സ്ഥാനത്താണ് ഈ പ്രതിസന്ധി.