ഇടുക്കി: കടക്കെണിമൂലം ഇടുക്കിയില്‍ വീണ്ടും കർഷക ആത്മഹത്യ. എസ്റ്റേറ്റ് പൂപ്പാറ മുള്ളം തണ്ട് സ്വദേശി കെ.പി.സന്തോഷാണ് (45) സ്വയം വെടിവച്ച് മരിച്ചത്. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം.
ഒരു മാസം മുൻപ് മരത്തിൽ നിന്നും വീണതിനെത്തുടർന്ന് നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇയാൾ ആശുപത്രിയിൽ നിന്നും എത്തിയെങ്കിലും വീട്ടിൽ കിടപ്പിലായിരുന്നു. അടുത്ത ദിവസങ്ങളിൽ സ്ഥിതി അൽപം മെച്ചപ്പെട്ടതിനാൽ ഇന്ന് ഉച്ചയോടെ വീട്ടിൽ നിന്നും പുറത്തുപോയി മടങ്ങി എത്തിയ ശേഷം വീട്ടിൽ സൂക്ഷിച്ചിരുന്ന നാടൻ തോക്കുകൊണ്ട് കൊണ്ട് കഴുത്തിൽ വെടി വയ്ക്കുകയായിരുന്നു.
ഭാര്യ രജനിയും, മകൻ അർജ്ജുനും ഈ സമയം വീടിന് സമീപം പറമ്പിൽ പണികൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. വലിയ ശബ്ദം കേട്ട് ഇവരും സമീപവാസികളും ഓടിയെത്തിയപ്പോൾ സന്തോഷ് മുറിയിൽ വീണുകിടക്കുന്നതാണ് കണ്ടത്. ഉടൻതന്നെ എല്ലാവരും ചേർന്ന് രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സന്തോഷ് മരിച്ചിരുന്നു.
23 സെന്‍റോളം സ്ഥലമാണ് സന്തോഷിന്‍റെ കുടുംബത്തിനുള്ളത്. സമീപത്തെ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നുമുണ്ട്. ചില കുടുംബ പ്രശ്നങ്ങൾ മൂലം ഇയാൾ അഞ്ച് മാസത്തോളമായി കടുത്ത മാനസിക വിഷമത്തിലായിരുന്നെന്നും, ചികിത്സയ്ക്കും മറ്റുമായി വൻ തുക ചെലവായെന്നും നാട്ടുകാർ പറഞ്ഞു.
ഇടുക്കി ജില്ലാ സഹകരണ ബാങ്കിൽ നാല് ലക്ഷത്തോളം രൂപയുടെ ലോണുള്ളതായും പറയപ്പെടുന്നു. വർഷങ്ങളായി വീട്ടിൽ സൂക്ഷിച്ചുവരുന്ന തോക്കിന് ലൈസൻസില്ലെന്നാണ് പ്രാഥമിക വിവരം. നിലത്ത് കുത്തി നിർത്തിയ ശേഷം കുഴലിന്‍റെ അഗ്രം കഴുത്തിൽ ചേർത്തുവച്ച് കാൽകൊണ്ട് കാഞ്ചി വലിച്ചിരിക്കാമെന്നാണ് നിഗമനം.
ശാന്തൻപാറ സി ഐ പി ആർ പ്രദീപ്‌കുമാറിന്‍റെ നേതൃത്വത്തിൽ മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. കോട്ടയത്ത് നിന്നുള്ള ഫോറൻസിക് വിഭാഗം എത്തി വിശദമായ പരിശോധനകൾ നടത്തിയ ശേഷം പോസ്റ്റ് മോർട്ടത്തിനായി നാളെ കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് കൊണ്ടുപോകും.