ഇടുക്കി : ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന വീട്ടില്‍ ഭയന്നുവിറച്ചാണ് നെടുങ്കണ്ടം കല്‍ക്കൂന്തല്‍ സ്വദേശിയായ അപ്പുവും ഭാര്യ വിജയമ്മയും കഴിയുന്നത്. മഹാ പ്രളയത്തില്‍ വെള്ളം കയറിയതോടെയാണ് ഇവരുടെ വീട് അപകടാവസ്ഥയിലായത്.വാസയോഗ്യമായ വീടിനായി ലൈഫ് ഭവന പദ്ധതിയില്‍ അപേക്ഷ നല്‍കിയിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് കുടുംബത്തിന്‍റെ പരാതി.
2018ലേയും 2019 ലേയും മഴക്കാലത്ത് ഇവരുടെ വീട്ടില്‍ വെള്ളം കയറിയിരുന്നു. ഇതോടെയാണ് തറ വിണ്ടുകീറിയത്. ആകെ മൂന്ന് സെന്‍റ് ഭൂമിയാണ് ഈ കുടുംബത്തിനുള്ളത്. വീട്ടിലെ മുറികളിലെ ഭിത്തികളില്‍ അപകടകരമായ വലിയ വിള്ളലുകള്‍ വീണിട്ടുണ്ട്. തറയും കട്ടിളയും ഭിത്തിയുമായി പല ഭാഗത്തും അകന്നാണ് നില്‍ക്കുന്നത്.
ALSO READ: ഇടുക്കി പൊന്മുടിയിലെ ഭൂമി : ഉടമസ്ഥത സംബന്ധിച്ച രേഖകൾ ഹാജരാക്കാതെ കെഎസ്ഇബി
വീട് അപകടാവസ്ഥയിലായതോടെ മഴ പെയ്യുമ്പോള്‍ അയല്‍ വീടുകളിലാണ് ഇവര്‍ അന്തിയുറങ്ങുന്നത്. അടുക്കള ഭാഗം ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുമാണ്. കൂലിവേല ചെയ്ത് നിത്യവൃത്തി കണ്ടെത്തുന്ന അപ്പുവിനും വിജയമ്മയ്ക്കും വീടിന്‍റെ അറ്റകുറ്റ പണികള്‍ക്ക് പോലും പണം കണ്ടെത്താനാവുന്നില്ല. അടച്ചുറപ്പുള്ള വീടെന്ന തങ്ങളുടെ സ്വപ്‌നത്തിനായി അധികൃതർ കനിയുമെന്ന പ്രതീക്ഷയിലാണ് ഈ ദമ്പതികൾ.