ഇടുക്കി: കൊവിഡ് കാലത്ത് വസുദേവ് പരീക്ഷണങ്ങളിലാണ്. ഉപ്പുതോട് ഗവ. യു.പി. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ ഈ കൊച്ചുമിടുക്കൻ അഞ്ച് മാസത്തിനുള്ളിൽ ഫിഷിംഗ് റോഡ്, വാണിംഗ് ലൈറ്റ് എന്നിവയുൾപ്പടെ നിരവധി ഉപകരണങ്ങളാണ് നിർമിച്ചത്. 400 രൂപയില്‍ താഴെ മാത്രം ചെലവ് വരുന്ന ഇൻകുബേറ്ററാണ് വസുദേവിന്‍റെ മാസ്റ്റർ പീസ്.
മൽസ്യബന്ധനത്തിന് ഉപയോഗിക്കുന്ന ഫിഷിംഗ് റോഡിന് വിപണിയില്‍ 3,000 രൂപ വില വരുമെങ്കിൽ പാഴ്‌വസ്‌തുക്കൾ കൊണ്ട് വസുദേവ് നിർമിച്ച ഫിഷിംഗ് റോഡിന് നൂറു രൂപയിൽ താഴെയേ ചെലവ് വരൂ. അക്വേറിയം നിർമാണവും വസുദേവിന്‍റെ മികവിന് ഉദാഹരണമാണ്. സ്‌കൂളിലെ അധ്യാപകർ നല്‍കിയ പരിശീലനമാണ് ഈ മിടുക്കന്‍റെ മുതല്‍ക്കൂട്ട്. മരിയാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മനത്താനത്ത് സീമോന്‍റെ മകനാണ് വസുദേവ്. ശാലിനിയാണ് അമ്മ. സഹോദരി വീണ.