ഇടുക്കി: ഇടവേളക്ക് ശേഷം ഹൈറേഞ്ചിൽ വീണ്ടും വ്യാജമദ്യവേട്ട. ഉടുമ്പൻചോല കൂന്തപ്പനത്തേരിയിൽ ഏലത്തോട്ടത്തിനുള്ളിലെ വ്യാജ വാറ്റ് കേന്ദ്രം എക്സൈസ് തകർത്തു. ജാറുകളിൽ സൂക്ഷിച്ചിരുന്ന 200 ലിറ്റർ കോടയും പിടിച്ചെടുത്ത് നശിപ്പിച്ചു.
അതിർത്തി മേഖല കേന്ദ്രീകരിച്ച് വ്യാജമദ്യസംഘം സജീവമാകുന്നതായി എക്സൈസ് ഇന്‍റലിജന്‍സ് സർക്കിൾ റെയിഞ്ച് ഓഫിസുകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്ന്, ഉടുമ്പൻചോല മേഖലയിൽ നടത്തിയ പരിശോധനയിലാണ് കൂന്തന്തപ്പനത്തേരിയില്‍ ഏലത്തോട്ടത്തിന് നടുവിലായി പ്രവര്‍ത്തിച്ചിരുന്ന വ്യാജ വാറ്റ് കേന്ദ്രം കണ്ടെത്തിയത്.
എക്സൈസ് സംഘത്തെ കണ്ട് പ്രതികൾ ഓടി രക്ഷപ്പെട്ടു. ഏലത്തോട്ട നടത്തിപ്പുക്കാരനായ ഗണേശനെതിരെ എക്‌സൈസ് കേസെടുത്തു. സംഘത്തിലുള്ളവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലോക്ക്‌ഡൗണിന് ശേഷം മേഖലയിലെ വ്യാജമദ്യ കേസുകൾക്ക് അയവ് വന്നിരുന്നു. മദ്യശാലകളും കള്ളുഷാപ്പുകളും തുറന്നതിനെ തുടർന്നാണിതെന്നായിരുന്നു എക്സൈസ് വിലയിരുത്തൽ. എന്നാൽ സമീപകാലത്ത് വീണ്ടും വ്യാജമദ്യ സംഘം അതിർത്തി മേഖല കീഴടക്കുന്നതായാണ് ഇൻ്റലിജൻസ് റിപ്പോർട്ട്. വരുംദിവസങ്ങളിൽ മേഖലകളിൽ 24 മണിക്കൂർ പട്രോളിങ് ആരംഭിക്കുമെന്ന് എക്സൈസ് സംഘം അറിയിച്ചു.