ഇടുക്കി : മൂന്നാറിൽ ദൗത്യ സംഘം കൈയേറ്റം ഒഴിപ്പിയ്‌ക്കൽ നടപടികൾ ആരംഭിച്ചു (Evacuation of encroachments at Chinnakanal Munnar). ചിന്നക്കനാലിലെ അഞ്ചര ഏക്കർ ഭൂമിയിലെ കയ്യേറ്റം ആണ് ദൗത്യ സംഘം ഒഴിപ്പിച്ചത്. കയ്യേറ്റ ഭൂമിയിൽ ബോർഡ് സ്ഥാപിച്ച് കെട്ടിടം സീൽ ചെയ്‌തിട്ടുണ്ട്.
എന്നാൽ, അനധികൃത നിർമാണങ്ങളും വൻകിട കയ്യേറ്റങ്ങളും തടയാതെ കുടിയേറ്റ കർഷക ഭൂമി സർക്കാർ പിടിച്ചെടുക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. ഹൈക്കോടതി ഉത്തരവിന് പിന്നാലെ സംസ്ഥാന സർക്കാർ മൂന്നാർ ദൗത്യത്തിനായി പുതിയ സംഘം രൂപീകരിയ്‌ക്കുകയും നടപടികൾ ആരംഭിയ്‌ക്കുകയും ചെയ്‌തിരുന്നു. ഇതേ തുടർന്നാണ് ഒഴിപ്പിയ്‌ക്കൽ നടപടികൾ ആരംഭിച്ചിരിക്കുന്നത്.
ആദ്യദിനം ചിന്നക്കനാൽ സ്വദേശി ടിജോ ആനിക്കത്തോട്ടത്തിന്‍റെ കൈവശമുള്ള അഞ്ചര ഏക്കർ ഭൂമി പിടിച്ചെടുത്ത് ബോർഡ് സ്ഥാപിച്ചു. സർക്കാർ പുറമ്പോക്ക് ഭൂമി കയ്യേറി ഇവിടെ ഏലം കൃഷി നടത്തിവരികയായിരുന്നു ടിജോ. മുൻകാലങ്ങളിൽ നിന്ന് വിഭിന്നമായി കൃഷി വെട്ടി നശിപ്പിച്ചിട്ടില്ല. ആദായം എടുക്കുന്നതിന് കാർഷിക ഉത്‌പന്നങ്ങൾ ലേലം ചെയ്‌ത് നൽകാൻ ശുപാർശ ചെയ്‌ത് റിപ്പോർട്ട് ഇടുക്കി കലക്‌ടർക്ക് കൈമാറും.
അതേസമയം, ഒഴിപ്പിച്ച ഭൂമിയിൽ ഉണ്ടായിരുന്ന കെട്ടിടം സീൽ ചെയ്‌തു(Chinnakanal Encroachment Lands). ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയിട്ടും പട്ടയം ഇല്ലാത്തതിനാൽ അധികൃതർ മുഖവിലയ്‌ക്കെടുത്തില്ലെന്ന് ടിജോ പറഞ്ഞു. ഇടുക്കിയിലെ വൻകിട കൈയേറ്റങ്ങൾ മറച്ചുവയ്‌ക്കാനാണ് റവന്യൂ വകുപ്പ് കുടിയേറ്റ കർഷക (Migrant farmers) ഭൂമി പിടിച്ചെടുക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
അര നൂറ്റാണ്ടിലധികമായി കൃഷി ചെയ്‌ത് വരുന്ന ഭൂമിയാണ് നിലവിൽ പിടിച്ചെടുത്തത്. ചിന്നക്കനാലിൽ അടക്കം അനധികൃത നിർമാണങ്ങൾ കാണാതെ കർഷകനെ കുടിയിറക്കുകയാണെന്ന് പ്രദേശവാസികൾ ഈ നടപടിയെ വിമർശിച്ചു. മൂന്നാർ മേഖലയിൽ 310 കൈയേറ്റങ്ങൾ ഉണ്ടെന്നാണ് റവന്യൂ വകുപ്പ് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഇതിൽ ഉൾപ്പെട്ടതാണ് നിലവിൽ ഒഴിപ്പിച്ച ഭൂമി.
ഇതിനുപുറമെ 57 അനധികൃത നിർമാണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ സി പി എം പാർട്ടി ഓഫിസുകൾ അടക്കം ഉൾപ്പെടും. ഇത്തരം നിർമാണങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമോ എന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും. എന്നാൽ കർഷക ഭൂമി മാത്രം പിടിച്ചെടുക്കാനുള്ള നടപടികളാണെങ്കിൽ മേഖലയിൽ വൻ പ്രതിഷേധം ഉയരും.