ഇടുക്കി: ഇടുക്കി ചിന്നക്കനാലില്‍ നിന്നും വനംവകുപ്പ് ആദിവാസികളെ കുടിയിറക്കാന്‍ ശ്രമം നടത്തിയ സംഭവത്തില്‍ ജില്ലാ കലക്‌ടറുടെ ഇടപെടല്‍. തഹസില്‍ദാരോട് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്‌ടർ എച്ച് ദിനേശന്‍ നിര്‍ദ്ദേശം നല്‍കി. ഇ.ടി.വി ഭാരത് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
കഴിഞ്ഞ ശനിയാഴ്‌ചയാണ് മുന്നൂറ്റൊന്ന് കോളനിക്ക് സമീപത്ത് ഒരു പതിറ്റാണ്ടിലധികമായി കുടില്‍കെട്ടി താമസിക്കുന്ന മലയരയ വിഭാഗത്തില്‍ പെട്ട ആദിവാസി കുടുംബങ്ങളെ കുടിയൊഴുപ്പിക്കാന്‍ വനം വകുപ്പ് ശ്രമം നടത്തിയത്. ഇവിടെയുണ്ടായിരുന്ന കുടിലും കൃഷിയും വനം വകുപ്പ് പൊളിച്ച് നീക്കിയിരുന്നു.
രാത്രിയിലെത്തി ആദിവാസി കുടുംബങ്ങളെ ഭീഷണിപ്പെടുത്തി കുടിയിറക്കാന്‍ ശ്രമിച്ച വനം വകുപ്പിന്‍റെ നടപടി ഇ.ടി.വി ഭാരത് പുറത്ത് വിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ജില്ലാ കലക്‌ടറുടെ ഇടപെടല്‍. സംഭവത്തെ തുടര്‍ന്ന് ആദിവാസികുടുംബങ്ങളെ കലക്‌ടറുടെ ചേംബറില്‍ വിളിച്ചുവരുത്തി വിവരങ്ങള്‍ തേടി. ഒപ്പം ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാനും തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
READ MORE: കാടിന്‍റെ മക്കളോട് ചിന്നക്കനാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ക്രൂരത
ഭൂമി വനം വകുപ്പിന്‍റേതാണോ എന്നതിനെ സംബന്ധിച്ച് വ്യക്തത വരുത്തുകയും കുടുംബങ്ങള്‍ അര്‍ഹതപ്പെട്ടവരെന്ന് ബോധ്യപ്പെടുകയും ചെയ്താല്‍ ചിന്നക്കനാല്‍ മുന്നൂറ്റിയൊന്ന് കോളനിയിലെ റവന്യൂ പതിച്ച് നല്‍കുന്നതിനും നടപടി സ്വീകരിക്കുമെന്നും കലക്‌ടര്‍ പറഞ്ഞു.
മൂന്ന് ദിവസത്തിനുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്ഥലം വനം വകുപ്പിന്‍റെ സംരക്ഷണയിലുള്ളതല്ലെന്ന് ബോധ്യപ്പെട്ടാല്‍ കുടുംബങ്ങള്‍ക്ക് ഇവിടെ തന്നെ തുടരാനും കഴിയും. കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായുളള ആദിവാസി കുടുംബങ്ങളുടെ നിയമ പോരാട്ടങ്ങള്‍ക്കാണ് ഇ.ടി.വിയുടെ ഇടപെടലിലൂടെ നീതി ലഭിക്കുന്നത്.