ഇടുക്കി: എസ്റ്റേറ്റ് തൊഴിലാളിയേയും കുടുംബത്തെയും മദ്യപ സംഘം വീട്ടിൽ കയറി മർദിച്ചതായി പരാതി. പെരിയ കനാൽ ന്യൂ ഡിവിഷനിലെ ആറുമുഖം, ഭാര്യ ശാന്തി, മകൾ മഞ്ജു പ്രിയ എന്നിവർക്കാണ് മർദനമേറ്റത്. മഞ്ജു പ്രിയയുടെ കൈക്കും ആറുമുഖന്‍റെ തലയ്ക്കും പരിക്കേറ്റു. പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ ശാന്തമ്പാറ പൊലീസ് അന്വേഷണം ആരംഭിച്ചു.
പെരിയ കനാൽ സ്വദേശിയായ ശക്തിവേലിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് മദ്യപിച്ചതിന് ശേഷം ഇന്നലെ വൈകിട്ട് ആറുമുഖന്‍റെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ചത്. ആറുമുഖനും ശക്തിയും തമ്മിൽ മുൻപ് തൊഴിൽ സംബന്ധമായ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതാണ് മർദനത്തിൽ കലാശിച്ചത്. വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം അറുമുഖന്‍റെ ഭാര്യ ശാന്തിയെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തതായും പരാതിയുണ്ട്.
ഭാര്യയെ മർദിക്കുന്നത് കണ്ട് ഓടിയെത്തിയ ആറുമുഖനെ ശക്തി കയ്യിലിരുന്ന പൈപ്പ് കൊണ്ട് അടിച്ചു. മാതാപിതാക്കളെ മർദിക്കുന്നതിനിടയിൽ തടസം സൃഷ്ടിക്കാൻ ശ്രമിച്ച 19 കാരി മഞ്ജു പ്രിയക്കും മർദനമേറ്റു. വടികൊണ്ടുള്ള അടിയേറ്റ് മഞ്ജു പ്രിയയുടെ കൈക്ക് പൊട്ടൽ ഉണ്ടായിട്ടുണ്ട്. മൂന്നാർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയതിനുശേഷം കുടുംബം ശാന്തൻപാറ പൊലീസിന് പരാതി നൽകി.