ഇടുക്കി: സേനാപതിയിൽ തീ പിടിച്ച മരം ഒടിഞ്ഞു വീണ് എസേറ്റ് സൂപ്പർ വൈസർ മരിച്ചു. കട്ടപ്പന വള്ളക്കടവ് സ്വദേശി കുളത്തുങ്കൽ കെ.എം ബേബി(56) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി 11 ഓടെ വെങ്കലപ്പാറ പാലാർ എസ്റ്റേറ്റിലാണ് സംഭവം നടന്നത്.
എസ്റ്റേറ്റിലെ ഉണങ്ങിയ വൃക്ഷത്തിലെ തേനീച്ചക്കൂട്ടിൽ നിന്നും തേനെടുക്കുന്നതിനായി ചിലർ മരത്തിന് തീയിട്ടിരുന്നു. രാത്രിയോടെയാണ് മരത്തിൽ തീ പടർന്നുപിടിച്ചത് . മരം കത്തുന്നത് ശ്രദ്ധയിൽപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളും എസ്റ്റേറ്റില്‍ സ്ഥിര താമസക്കാരനായ ബേബിയും ഓടിയെത്തി തീയണക്കാന്‍ ശ്രമിച്ചു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി മരം ഒടിഞ്ഞുവീണത്.
ബേബി ഒരു മരക്കുറ്റിയിൽ തട്ടിവീഴുകയായിരുന്നു. തുടർന്നാണ് മരം ദേഹത്ത് പതിച്ചത് . തൽക്ഷണം മരണം സംഭവിച്ചു . സംഭവത്തിൽ ഉടുമ്പൻചോല പൊലീസ് മേൽ നടപടി സ്വീകരിച്ച് പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.