ഇടുക്കി: മരംകോച്ചുന്ന തണുപ്പുള്ള ഡിസംബറില്‍ മൂന്നാര്‍ കൂടുതല്‍ മനോഹരിയാണ്. അതിനാല്‍ തന്നെ സഞ്ചാരികള്‍ക്ക് തെക്കിന്‍റെ കശ്‌മീരിലേക്കെത്താന്‍ ഏറ്റവും ഇഷ്‌ടവും ശൈത്യകാലത്തു തന്നെയാണ്.മൂന്നാറിലെ വിനോദ സഞ്ചാര മേഖലകള്‍ തുറന്നതോടെ ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെട്ട കേന്ദ്രം ഇരവികുളം ദേശീയ ഉദ്യാനമാണ്. നീലഗിരി താര്‍ എന്നറിയപ്പെടുന്ന വരയാടുകളെ നേരില്‍ കാണുന്നതിനാണ് സഞ്ചാരികള്‍ മലകയറി ഇവിടേയ്‌ക്കെത്തുന്നത്. കോടമഞ്ഞ് മൂടുന്ന മലയും, തേയിലക്കാടുകളും കയറിയെത്തുമ്പോള്‍ വശ്യ മനോഹരമായ പച്ചപുല്‍മേടുകള്‍ ഇരവിക്കുളത്ത് സഞ്ചാരികളെ കാത്തിരിക്കുന്നു. സമുദ്ര നിരപ്പില്‍ നിന്നും രണ്ടായിരം അടി ഉയരത്തിലുള്ള കേരളത്തെ ഏക ദേശീയ ഉദ്യാനമാണ് ഇരവികുളം. .
സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി സ്ഥലങ്ങള്‍ ഇവിടെയുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്നത് ഇരവികുളം ദേശീയ ഉദ്യാനത്തിലെ രാജമലയിലേക്കാണ്. വരയാടുകളെ കാണുന്നതിനും ചിത്രങ്ങള്‍ പകര്‍ത്തുന്നതിനും നൂറ് കണക്കിന് സഞ്ചാരികളാണ് നിത്യേന ഇവിടേക്കെത്തുന്നത്. കഴിഞ്ഞ സീസണില്‍ 5 ലക്ഷത്തിലധികം സഞ്ചാരികള്‍ ഇവിടെയെത്തി മടങ്ങിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുമ്പ് പുല്‍മേടുകളില്‍ നിന്നും താഴോട്ടിറങ്ങാത്ത വരയാടുകള്‍ ഇപ്പോള്‍ കൂട്ടമായി റോഡരികിലും എത്തും. ആകര്‍ഷകമായ കാഴ്‌ചയാണിത്. വരയാടുകളെ അടുത്തുകാണാന്‍ കഴിയുന്നതിന്റെ സന്തോഷം സന്ദര്‍ശകര്‍ക്കുമുണ്ട്. എന്നാല്‍ വരയാടുകളെ തൊടുന്നതിന് കര്‍ശന വിലക്കാണ് ഇവിടെയുള്ളത്. നിരീക്ഷണത്തിനായി വാച്ചര്‍മാരെയും നിയമിച്ചിട്ടുണ്ട്. വംശനാശം നേരിടുന്ന വരയാടുകളുടെ സംരക്ഷണത്തിനായി വലിയ നിയന്ത്രണങ്ങളാണ് ഇവിടെയുള്ളത്. കഴിഞ്ഞ തവണ 111 വരയാടിന്‍ കുട്ടികള്‍ പിറന്നതായാണ് കണക്ക്. ഉദ്യാനത്തിലാകെ 223 വരയാടുകളുണ്ടെന്നാണ് വനം വകുപ്പിന്‍റെ കണക്ക്.