ഇടുക്കി: മന്ത്രി എംഎം മണിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എതിര്‍സ്ഥാനാര്‍ഥി അഡ്വ. ഇഎം ആഗസ്‌തി. അദാനിയുമായി വൈദ്യുതി മേഖലയിൽ ഉണ്ടാക്കിയ ദീർഘകാല കരാർ ദുരൂഹതയുള്ളതാണ്. കോർപ്പറേറ്റ് കമ്പനിയെ സഹായിക്കുവാനാണ് വൻതുക ഈടാക്കി 25 വർഷത്തേക്ക് കരാർ ഉണ്ടാക്കിയിരിക്കുന്നത്. ജുഡീഷ്യൽ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്ന് ഉടുമ്പന്‍ചോല യുഡിഎഫ് സ്ഥാനാര്‍ഥി ഇഎം ആഗസ്‌തി പറഞ്ഞു. ദുഃഖവെള്ളി ആചരണത്തിന്‍റെ ഭാഗമായി എഴുകുംവയൽ കുരിശുമല കയറിയതിനു ശേഷം മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മണി അഴിമതിക്കാരനല്ല എന്നാണ് മണ്ഡലത്തിൽ പ്രചരണം നടത്തുന്നത്, എന്നാൽ കള്ളനെ ഇപ്പോൾ കയ്യോടെ പിടികൂടിയിരിക്കുകയാണ്. സ്വന്തം മണ്ഡലത്തിൽ സ്ഥിതിചെയ്യുന്ന രാമക്കൽമേട്ടിൽ നിന്നും ഒരു യൂണിറ്റ് വൈദ്യുതി പോലും അധികമായി ഉൽപാദിപ്പിക്കുവാൻ കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ മണിക്ക് കഴിഞ്ഞിട്ടില്ല. സ്വന്തം മണ്ഡലത്തിൽ കുറഞ്ഞ ചിലവിൽ വൈദ്യുതി ഉല്‍പാദിപ്പിക്കുവാൻ എല്ലാവിധ സാധ്യതകളും ഉണ്ടായിരിക്കുമ്പോഴാണ് ഇത്തരമൊരു കരാർ ഒപ്പുവയ്ക്കുന്നത്. ഇത് ദുരൂഹത ഉണർത്തുന്നതാണന്നും അദ്ദേഹം ആരോപിച്ചു.