ഇടുക്കി : ചിന്നക്കനാലിൽ ആറ് ആനത്താരകൾ നിർമിക്കുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ. ചിന്നക്കനാലിൽ കാട്ടാനകളുടെ സഞ്ചാര പാതയിലാണ് ജനങ്ങൾ അധിവസിക്കുന്നതെന്നും ഇതാണ് വന്യമൃഗ ആക്രമണം മേഖലയിൽ വർധിക്കുവാനുള്ള കാരണമെന്നും മന്ത്രി പറഞ്ഞു. മെയ് പകുതിയോടെ വന്യ ജീവി ആക്രമണത്തിൽ സർക്കാർ നൽകാനുള്ള നഷ്ടപരിഹാരത്തുക നൽകും.
ഇടുക്കിയിലെ മുഴുവൻ കുടിശ്ശികയും നൽകുമെന്നും മന്ത്രി പറഞ്ഞു. ചിന്നക്കനാലാണ് ജില്ലയിലെ വന്യ ജീവി ആക്രമണങ്ങളുടെ ഹോട്ട് സ്പോട്ടെന്നാണ് വനം വകുപ്പ് കണ്ടെത്തൽ. ഇവിടെ വന്യ ജീവികളുടെ ആവാസ കേന്ദ്രത്തിലാണ് ജനങ്ങൾ അധിവസിക്കുന്നത്. 20 പിടിയാനകളും മൂന്ന് കൊമ്പൻമാരുമാണ് ഇവിടെയുള്ളത്. ഇവരുടെ സഞ്ചാരപാതയിൽ തടസങ്ങൾ സൃഷ്ടിക്കപ്പെടുമ്പോഴാണ് അവ അക്രമാസക്തരാവുന്നത്. ഇതിന് പരിഹാരമായി ദേശീയപാതയുടെ സമീപം ചിന്നക്കനാലിൽ ആറ് ആനത്താരകൾ നിർമിക്കും.
Also Read: കാട്ടാന വീട് തകര്‍ത്തു ; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
തുരങ്ക പാത മാതൃകയിലാണ് ഇവ നിർമിക്കുക.ഇതിനായി ആറുകോടി രൂപ നീക്കിവച്ചിട്ടുണ്ട്. വാച്ചര്‍മാരുടെ നേതൃത്വത്തിൽ രാത്രികാല നിരീക്ഷണവും ശക്തമാക്കും. ഇതിനായി വാഹനസൗകര്യം ഏർപ്പെടുത്തും. ജില്ലയിൽ വന്യജീവി ആക്രമണത്തിനിരയായവർക്കുള്ള നഷ്ടപരിഹാരക്കുടിശ്ശിക ഒരുമാസത്തിനുള്ളിൽ നൽകും.
കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ അനുവാദം നൽകിയിട്ടുണ്ടെങ്കിലും, ലൈസൻസുള്ള തോക്കുടമകളുടെ എണ്ണം കുറവാണ്. ഈ പ്രശ്നം പരിഹരിക്കാൻ പഞ്ചായത്തുതലത്തിൽ ലൈസൻസുള്ളവരുടെ പാനൽ രൂപവത്കരിക്കും. സംസ്ഥാനം മുഴുവൻ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാതെ, കാട്ടുപന്നികളുടെ ആക്രമണം രൂക്ഷമായ ഇടുക്കിപോലുള്ള ജില്ലകളിൽമാത്രം അങ്ങനെ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.