ഇടുക്കി: ജില്ലയിലെ അതിര്‍ത്തി വന മേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് സമരം ആരംഭിക്കാനൊരുങ്ങി കോണ്‍ഗ്രസ്. വനം വകുപ്പ് പ്രദേശവാസികളുടെ സുരക്ഷ ഉറപ്പ വരുത്താന്‍ ഒരു ഇടപെടലും നടത്തുന്നില്ലെന്നാണ് കോണ്‍ഗ്രസ് ആരോപണം. ദുരിത ബാധിതരേയും കര്‍ഷകരേയും ഏകോപിപ്പിച്ച് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്‍പിലടക്കം സമരം നടത്തുമെന്ന് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ നേതൃത്വം അറിയിച്ചു.
സംസ്ഥാനത്ത് കാട്ടാന ആക്രമണം ഏറ്റവും രൂക്ഷമായ പ്രദേശമാണ് ഇടുക്കിയിലെ മതികെട്ടാന്‍ ചോല ദേശീയ ഉദ്യാനത്തോട് ചേര്‍ന്ന് കിടക്കുന്ന ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകള്‍. കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കിടയില്‍ 40 ലധികം ആളുകളാണ് കാട്ടാന ആക്രമണത്തെ തുടര്‍ന്ന് മേഖലയില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം സിങ്കുകണ്ടം സ്വദേശിയായ ബാബു വീടിന് സമീപത്തുവെച്ചാണ് കാട്ടാനയുടെ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്.
ആറ് മാസത്തിനിടെ മൂന്ന് പേര്‍ മേഖലയില്‍ കൊല്ലപ്പെട്ടു. കാട്ടാന ആക്രമണം പതിവായിട്ടും ജനങ്ങളുടെ സുരക്ഷയ്ക്കായി യാതൊരു നടപടിയും വനം വകുപ്പ് സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ആനകള്‍ ജനവാസ മേഖലയിലേയ്ക്ക് കടക്കുന്നത് അവസാനിപ്പിയ്ക്കാന്‍ പോലും നടപടിയില്ല. കഴിഞ്ഞ ദിവസം മരണപെട്ട ബാബുവിന്‍റെ മൃതദേഹവുമായി പ്രദേശവാസികള്‍, ചിന്നക്കനാല്‍ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചിരുന്നു.
ശാന്തന്‍പാറ ചിന്നക്കനാല്‍ പഞ്ചായത്തുകളിലെ ആനയിറങ്കല്‍, കോരംപാറ, 301 കോളനി, പേത്തൊട്ടി തുടങ്ങിയ പ്രദേശങ്ങളില്‍ സ്ഥിരമായി കാട്ടാനകള്‍ എത്താറുണ്ട്. കൃഷിയിടങ്ങളില്‍ ജോലി ചെയ്യാന്‍ പോലും ആവാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഓരോ തവണയും കാട്ടാന കൂട്ടം ജനവാസ മേഖലയിലേയ്ക്ക് എത്തുമ്പോള്‍ ലക്ഷകണക്കിന് രൂപയുടെ കൃഷി നാശം ഉണ്ടാകാറുണ്ട്. ഏത് നിമിഷവും കാട്ടാനകളുടെ ആക്രമണത്തിന് ഇരയാകാം എന്ന ആശങ്കയിലാണ് പ്രദേശവാസികളുടെ ജീവിതം.